കോവിഡ് വാക്സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ ജാര്‍ഖണ്ഡും ഛത്തീസ്ഗഢും

കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ജാര്‍ഖണ്ഡും ഛത്തീസ്ഗഢും വന്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടുകള്‍. മൂന്നിലൊന്ന് ഡോസ് വീതം ഇരു സംസ്ഥാനങ്ങളും പാഴാക്കിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. വാക്‌സിന്‍ ലഭ്യമല്ലാത്തത്തിനെ തുടര്‍ന്ന് രാജ്യത്തെ പലസംസ്ഥാനങ്ങളും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വാക്‌സിന്‍ പാഴാക്കിയ സംസ്ഥാനങ്ങളുടെ കണക്കുകളും പുറത്തുവന്നിരിക്കുന്നത്. 

പലസംസ്ഥാനങ്ങളും ഒരുഭാഗത്ത് വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് പരാതികള്‍ ഉന്നയിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് വാക്‌സിന്‍ വന്‍തോതില്‍ പാഴാക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. വാക്‌സിന്‍ പാഴാക്കുന്നതില്‍ ജാര്‍ഖണ്ഡാണ് ഒന്നാം സ്ഥാനത്തുള്ളത്. 37 ശതമാനമണ് വാക്‌സിന്‍ വേസ്റ്റേജ് നിരക്ക്. ഛത്തീസ്ഗഢ്(30.2%), തമിഴ്‌നാട്(15.5%), ജമ്മു കശ്മീര്‍(10.8%) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. വാക്‌സിന്‍ പാഴാക്കുന്നതില്‍ ദേശീയ ശരാശരി(6.3%)യേക്കാള്‍ കൂടുതലാണ് ഈ സംസ്ഥാനങ്ങളിലെ നിരക്ക്.  ചൊവ്വാഴ്ച വൈകുന്നേരമാണ് ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. 

അതേസമയം ലഭ്യമായ വാക്‌സിന്‍ പരാമവധി സൂക്ഷ്മതയോടെ വിതരണം ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഓഫീസ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 4.65% മാത്രമാണ് വാക്‌സിന്‍ വേസ്റ്റേജ് നിരക്കെന്നും കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സമയബന്ധിതമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 

വാക്സിന്‍ പാഴാക്കൽ ഒരു ശതമാനത്തിന് താഴെ മാത്രം നിലനിര്‍ത്തണമെന്നാണ് കേന്ദ്രം പറയുന്നത്. കാലാവധി കഴിഞ്ഞ ഡോസ്, കഠിനമായോ തണുപ്പോ ചൂടോ മൂലം വയലുകള്‍ പൊട്ടിപ്പോവുക തുടങ്ങിയ കാരണങ്ങള്‍ വാക്‌സിന്‍ പാഴാവുന്നതിലേക്ക് നയിച്ചേക്കാം, ഇത്തരം പ്രശ്‌നങ്ങളുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും കേന്ദ്രം നിര്‍ദേശിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here