നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈകോടതി. ഇറക്കുമതി ചെയ്ത ലക്ഷ്വറി കാറിന് നികുതി ഇളവിനായി കോടതിയെ സമീപിച്ച സംഭവത്തിലാണ് പിഴ ചുമത്തിയത്. പിഴ രണ്ടാഴ്ചക്കകം ഈ തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും നിര്‍ദേശിച്ചു.
2012ല്‍ ഇംഗ്ലണ്ടില്‍നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന് പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് നടന്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എം സുബ്രമണ്യമാണ് പിഴ ചുമത്തിയത്.
സിനിമയിലെ സൂപ്പര്‍ ഹീറോ വെറും ‘റീല്‍ ഹീറോ’ ആയി മാറരുതെന്ന് കോടതി പറഞ്ഞു. കൃത്യമായി നികുതിയടച്ച് മാതൃകയാകണമെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട് പോലെ സംസ്ഥാനത്ത് ഈ അഭിനേതാക്കള്‍ ആരാധകര്‍ക്ക് യഥാര്‍ത്ഥ ഹീറോകളാണ്. വെറും ‘റീല്‍ ഹീറോ’ ആയി മാറുന്നത് അവര്‍ പ്രതീക്ഷിക്കില്ല. ഈ അഭിനേതാക്കളുടെ സിനിമകളെല്ലാം സമൂഹത്തിലെ അനീതികള്‍ക്ക് എതിരായിരിക്കും. എന്നാല്‍, അവരാകട്ടെ നികുതി ഒഴിവാക്കുകയും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ്. -കോടതി നിരീക്ഷിച്ചു.