ശബരിമലയില്‍ പെണ്പിള്ളേരെ കയറ്റിയത് തെറ്റായി പോയെന്ന സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ സിപിഐയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് യുവതികളെ സന്നിധാനത്ത് കയറ്റിയതെന്ന് ദിവാകരന് പരസ്യമായി സമ്മതിച്ച സ്ഥിതിക്ക് വിശ്വാസികളോട് മാപ്പ് പറയാന്‍ സിപിഎം തയാറാവണം.
മനീതിസംഘം ഉള്‍പ്പെടെ എല്ലാ അരാജകവാദികളെയും ശബരിമലയിലേക്ക് കൊണ്ടുവന്നത് സര്‍ക്കാരാണെന്ന് ബിജെപി ആദ്യമേ പറഞ്ഞിരുന്നു.
ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാരെന്ന് സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല സമരകാലത്ത് ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനമാണ് അവലംബിച്ചത്. വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ സംഘപരിവാര്‍ അക്രമം അവസാനിപ്പിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇതൊന്നും വിശ്വാസികള്‍ മറക്കില്ല.
ആഴക്കടല്‍ മത്സ്യബന്ധനത്തെ പറ്റിയുള്ള ആരോപണത്തില്‍നിന്നും രമേശ് ചെന്നിത്തല പിന്മാറിയത് ആരെ രക്ഷിക്കാനാണെന്ന് സുരേന്ദ്രന് ചോദിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിയോടെയാണ് വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടേണ്ടത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് കരാര്‍ ഒപ്പിട്ടത്. ഗുരുതരമായ ഈ സംഭവത്തില്‍ ആരെയെങ്കിലും ബലിയാടാക്കി ഒളിച്ചോടരുത്.