സർക്കാർ നിശ്ചയിച്ച രൂപയ്ക്കു ആർടിപിസിആർ ടെസ്റ്റിന് വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ആർടിപിസിആർ ടെസ്റ്റ് സർക്കാർ നിശ്ചയിച്ച 500 രൂപയ്ക്കു ചെയ്യാത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കില്ല. ചില ലാബുകാർ ആർടിപിസിആറിനു പകരം ചെലവ് കൂടിയ ട്രൂനാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നതായി വാർത്തകൾ വരുന്നുണ്ട്. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല ഇതെന്ന് അവർ ഓർക്കണം.

സർക്കാര്‍ നിശ്ചയിച്ച നിരക്കിൽ ലാബുകൾ ടെസ്റ്റ് ചെയ്യണമെന്നും നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ പഠനത്തിനുശേഷമാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയതെന്ന് അവർ മനസിലാക്കണം. ആർടിപിസിആർ ടെസ്റ്റിനു ചെലവ് 240 രൂപയാണ്. ടെസ്റ്റിനുള്ള മനുഷ്യവിഭവംകൂടി കണക്കിലെടുത്താണ് 500 രൂപ നിശ്ചയിച്ചത്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്. ലാബുകളുടെ പരാതി ചർച്ച ചെയ്യാം. എന്നാൽ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഇത്തരം ഘട്ടത്തിൽ എടുക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

18 വയസിനു മേൽ പ്രായമുള്ളവർക്ക് ഉടൻ വാക്സീൻ ലഭ്യമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വാക്സീൻ ലഭ്യമാക്കാനുള്ള നടപടി തുടരുകയാണ്. സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണം. വാൽവുള്ള മാസ്ക് ഉപയോഗിക്കരുത്. ഡബിൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.

തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി ആഘോഷ പ്രകടനങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല. ജയിക്കുന്ന സ്ഥാനാർഥികൾ നന്ദിപ്രകടനം ഒഴിവാക്കണം. സമൂഹമാധ്യമങ്ങളിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here