ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റി തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2011 ലെ സെന്‍സസ് അനുസരിച്ച് ഒരു സമുദായത്തിനും ആനുകൂല്യം നഷ്‌ടമാകാത്ത വിധമാകും ഇനി സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയെന്നാണ് വിവരം.
സംസ്ഥാനത്തില്‍ ക്രിസ്‌ത്യന്‍ 18.38 ശതമാനം, മുസ്ളീം 26.56 ശതമാനം, ബുദ്ധര്‍ 0.01, ജൈനര്‍ 0.01 ശതമാനം, സിഖ് 0.01 ശതമാനം എന്നിങ്ങനെയാണിത്. എന്നാല്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് തുകയിലോ എണ്ണത്തിലോ കുറവുണ്ടാകില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യം വരുന്നതിനാല്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിച്ചു.
80:20 എന്ന നിലയിലുണ്ടായിരുന്ന സര്‍ക്കാര്‍ അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. 80 ശതമാനം മുസ്ളീങ്ങള്‍ക്കും 20 ശതമാനം ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കുമാണ് വിതരണം ചെയ്‌തിരുന്നത്. മറ്റ് വിഭാഗങ്ങള്‍ക്ക് ലഭിക്കാത്തത് വിവേചനമായി കണ്ടാണ് കോടതി നടപടിയെടുത്തത്. ഇതോടെയാണ് ഇന്ന് മന്ത്രിസഭ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.