സാക്കിര്‍ നായികിന്റെ കോഴിക്കോട്ടെ പീസ് സ്‌കൂളില്‍ റെയ്ഡ്‌ ; നിരവധി രേഖകൾ പിടിച്ചെടുത്തു

647

വിവാദ മത പ്രാസംഗികന്‍ സാക്കിർ നായികിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റർനാഷണൽ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. സ്‌കൂൾ മാനേജ്‌മെന്റ് യോഗം ചേർന്നതിന്റെ മിനുട്‌സ് പിടിച്ചെടുത്തിട്ടുണ്ട്. ദേശവിരുദ്ധ വിഷയങ്ങൾ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തിരുന്നതായും മിനുട്‌സിലുണ്ട്. മറ്റു നിരവധി രേഖകളും പിടിച്ചെടുത്തതായാണ് വിവരം

സ്‌കൂളിന്റെ എം.ഡി, എം.എം അക്ബർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇയാൾ വിദേശത്തേക്കു കടന്നതായാണ് പൊലീസ് പറയുന്നത്. ഇന്നു രാവിലെയായിരുന്നു റെയ്ഡ്. അക്ബറിനെ ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് പീസ് സ്‌കൂൾ ആസ്ഥാനത്തെത്തിയത്. എന്നാൽ ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ ഖത്തറിലേക്ക് കടന്നെന്ന വിവരമാണ് പൊലീസിനു ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംഡിയുടെ സെക്രട്ടറി അടക്കമുള്ളവരെയാണ് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നത്. ഇതിനു തൊട്ടുപിന്നാലെ അക്ബർ വിദേശത്തേക്കു കടന്നതായി വ്യക്തമായത്.

സഹായികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തത് കൂടി കണക്കിലെടുത്താണ് അക്ബർ നാടുവിട്ടതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഓരോ സ്ഥലത്തേയും സ്‌കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട കരാർ രേഖകളാണ് റെയ്ഡിൽ കണ്ടെത്തിയത്. പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പാഠ്യപദ്ധതിയിലേക്കുള്ള പാഠഭാഗങ്ങൾ തെരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്തം അക്ബറിനാണെന്നും പൊലീസ് കണ്ടെത്തി.

അക്ബർ നേരിട്ടാണ് മുംബൈ ബുറൂജ് റിയലൈസേഷൻ പ്രസാധക സ്ഥാപനവുമായി അച്ചടി കരാർ നൽകിയത്. ഈ സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരാണ് നേരത്തെ പിടിയിലായത്. ഈ സ്ഥാപനം അധ്യാപകർക്ക് പരിശീലനവും നൽകിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ചിലർ കൊച്ചി പീസ് ഇന്റർനാഷണൽ സ്‌കൂളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസിനു സൂചന ലഭിച്ചിരുന്നു.

ഇതേതുടർന്നാണ് സ്‌കൂളിൽ പരിശോധന നടത്തിയത്. മതതീവ്രവാദ സ്വഭാവമുള്ള പാഠഭാഗങ്ങൾ ചെറിയ ക്ലാസുകളിൽ പോലും പഠിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനും മാനേജ്‌മെന്റ് ട്രസ്റ്റികൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ആരോപണ വിധേയമായ പാഠഭാഗങ്ങൾ പുസ്തകത്തിൽ ഉണ്ടെങ്കിലും അത് സ്‌കൂളുകളിൽ പഠിപ്പിക്കുന്നില്ലെന്നായിരുന്നു സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദം.