കോവിഡ് വീണ്ടും യൂറോപ്പിനെ ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടര്‍ച്ചയായി വര്‍ധിക്കുന്ന ഏക മേഖലയും യൂറോപ്പാണ് എന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്.
അമേരിക്ക, റഷ്യ, ബ്രസീല്‍, തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, ലോകമെമ്പാടും പ്രതിവാര കോവിഡ് മരണത്തില്‍ നാല് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മരണ നിരക്ക് കുറയാത്ത ഏക മേഖല യൂറോപ്പാണ്. 31 ലക്ഷം പുതിയ കേസുകളാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ഈ ആഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വര്‍ധനവ്. എന്നാല്‍ പുതിയ കേസുകളില്‍ മൂന്നില്‍ രണ്ടും (19 ലക്ഷം) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിലാണ്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പില്‍ പുതിയ കേസുകള്‍ ഏഴ് ശതമാനമാണ് വര്‍ധിച്ചത്.
മേഖലയിലെ താരതമ്യേന കുറഞ്ഞ വാക്‌സിനേഷന്‍ നിരക്കും വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയുടെ ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗെ പറയുന്നു. വര്‍ധിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോവിഡ് വാക്‌സിന്‍ ധാരാളമായി ലഭ്യമാണെങ്കിലും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ അസന്തുലിതാവസ്ഥയുണ്ടെന്ന് ഡബ്യുഎച്ച്ഒ എമര്‍ജെന്‍സീസ് തലവന്‍ ഡോ. മൈക്കിള്‍ റയാനും ചൂണ്ടിക്കാണിച്ചിരുന്നു. വാക്‌സിനേഷനിലെ വിടവ് നികത്താനും യൂറോപ്യന്‍ അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ജനസംഖ്യയുടെ 40 ശതമാനത്തിലധികം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെയ്ക്കണമെന്നും ഇതുവരെ ആദ്യ ഡോസ് നല്‍കാത്ത വികസ്വര രാജ്യങ്ങള്‍ക്ക് ഡോസുകള്‍ സംഭാവന ചെയ്യണമെന്നുമാണ് ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിപ്രായപ്പെട്ടത്.
മധ്യ ഏഷ്യയിലെ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ വരെയുള്ള മേഖലയില്‍ ഏകദേശം 18 ലക്ഷം പുതിയ പ്രതിവാര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ വിഭാഗം പറയുന്നത്. കഴിഞ്ഞ ആഴ്ചയേക്കാള്‍ ആറ് ശതമാനം വര്‍ദ്ധനവ്.ജര്‍മനിയിലും പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. ഇതാദ്യമാണ് രാജ്യത്തെ പ്രതിദിന കണക്കുകള്‍ 50,000 കടക്കുന്നതും. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്