‘മനുഷ്യപ്പിശാചാ’യി മാറാന്‍ കൊതി; ശസ്ത്രക്രിയകള്‍ക്ക് വിധേയനായി ടാറ്റൂ കലാകാരന്‍

സാത്താന്റെ ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബ്രസീലുകാരനായ വ്യക്തി ‘രാക്ഷസരൂപം’ പ്രാപിക്കാന്‍ വിധേയനായത് കഠിനമായ ശസ്ത്രക്രിയകള്‍ക്ക്. പൈശാചികരൂപം നേടിയെടുക്കാന്‍ മൂക്ക് മുറിച്ചു മാറ്റുന്നത് ഉള്‍പ്പെടെയുള്ള നിരവധി ശാരീരിക മാറ്റങ്ങള്‍ക്കാണ് ഇയാള്‍ വിധേയനായത് എന്ന് ബ്രസീലിയന്‍ വാര്‍ത്താ മാധ്യമമായ ജാം പ്രെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

44 വയസുകാരനായ മിഷേല്‍ പാഡ്രോ എന്ന ഈ വ്യക്തി കഴിഞ്ഞ 25 വര്‍ഷക്കാലമായി സ്വയം സാത്താന്റെ രൂപം സ്വീകരിക്കാന്‍ അക്ഷീണ പരിശ്രമമാണ് നടത്തുന്നത്. ‘മനുഷ്യപ്പിശാച്’ എന്നര്‍ത്ഥം വരുന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. 59,000ഓളം ആളുകള്‍ മിഷേല്‍ പാഡ്രോയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ഒടുവിലായി പങ്കുവച്ച പാഡ്രോയുടെ ചിത്രത്തില്‍ അദ്ദേഹത്തിന്റെ വായയില്‍ ആനക്കൊമ്ബിന്റേതിന് സമാനമായ രീതിയില്‍ ഉന്തി നില്‍ക്കുന്ന പല്ലുകള്‍ കാണാം. പോരാത്തതിന് കൈകളില്‍ ഏതാനും വിരലുകള്‍ നഷ്ടമായിട്ടുമുണ്ട്. മുമ്ബ് ഇയാള്‍ തന്റെ മൂക്ക് മുറിച്ചു മാറ്റുകയും തലയില്‍ പിശാചുകളുടേതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊമ്ബുകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ നിലയിലുള്ള പാഡ്രോയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

വെനസ്വേലയിലെ ഹെന്‍റി ഡാമനും കൊളംബിയയിലെ എറിക് ഹിന്‍കേപ്പിക്കും ശേഷം സവിശേഷമായ രൂപഭാവം കൈവരാനായി മൂക്ക് മുറിച്ചു മാറ്റുന്ന ലോകത്തെ മൂന്നാമത്തെ മനുഷ്യനാണ് പാഡ്രോ. ഈ രൂപം നേടിയെടുക്കാന്‍ കടുത്ത വേദന അനുഭവിക്കേണ്ടി വന്നതായും ആരോഗ്യത്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നതായും മിഷേല്‍ പാഡ്രോ വെളിപ്പെടുത്തി. ഒരു ടാറ്റൂ കലാകാരനായി പ്രവര്‍ത്തിച്ചു വരികയാണ് പാഡ്രോ.

ഇദ്ദേഹത്തിന്റെ ഈ പുതിയ രൂപമാറ്റം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഹരം കൊള്ളിച്ചിട്ടുണ്ട്. നിരവധി പേരാണ് പാഡ്രോ കടന്നുപോയ ശാരീരികമായ മാറ്റങ്ങളെക്കുറിച്ച്‌ വിവിധങ്ങളായ പ്രതികരണങ്ങള്‍ അറിയിച്ചിരിക്കുന്നത്. ചില ആളുകള്‍ സാധാരണ നിലയിലുള്ള ഒരു ജീവിതം നഷ്ടമായതോര്‍ത്ത് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ എന്നും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ചിലരാകട്ടെ പാഡ്രോയുടെ പുതിയ ലുക്കിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് ഭാവുകങ്ങള്‍ നേരുകയും ചെയ്തു. മുമ്ബത്തെ ലുക്കുകളെ അപേക്ഷിച്ച്‌ പാഡ്രോയുടെ സൗന്ദര്യം വര്‍ദ്ധിച്ചതായും ചിലര്‍ കമന്റുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

പാഡ്രോയുടെ വിചിത്രമെന്ന് തോന്നുന്ന ഇത്തരം ഭ്രാന്തുകളൊക്കെ ആസ്വദിക്കുന്ന ആളാണ് അദ്ദേഹത്തിന്റെ ഭാര്യയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തില്‍ വരുത്താവുന്ന വിവിധ തരം മാറ്റങ്ങള്‍ സംബന്ധിച്ച പല ആശയങ്ങളും അദ്ദേഹത്തിന് നിര്‍ദ്ദേശിക്കുന്നതും ഭാര്യയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ശരീരമാറ്റ പ്രക്രിയയില്‍ ഉടനീളം ഭാര്യ അദ്ദേഹത്തിന് വേണ്ട സഹായവും പിന്തുണയും നല്‍കി കൂടെ നിന്നിട്ടുണ്ട്. മിഷേല്‍ പാഡ്രോവിന്റെ വികൃതമെന്ന് പുറമേക്ക് തോന്നുന്ന, മുറിച്ചു മാറ്റിയ ശരീരഭാഗങ്ങളും മറ്റു കൂട്ടിച്ചേര്‍ക്കലുകളും ഒക്കെ അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷണീയനാക്കി മാറ്റുന്നു എന്നാണ് ഭാര്യയുടെ അഭിപ്രായമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here