പ്രവാസികള്‍ക്ക് ആശ്വാസം; യാത്രാ വിലക്ക് ഭാഗികമായി നീക്കി യു എ ഇ .

ഇന്ത്യയില്‍ നിന്ന് റെസിഡന്റ്സ് വിസയുള്ളവര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്ത് പതിനാലു ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി.

ഇതിനായി ആഗസ്റ്റ് അഞ്ച് മുതല്‍ യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. ഐ.സി.എ അനുമതി ലഭിക്കുന്നവര്‍ക്കായിരിക്കും യാത്ര ചെയ്യാന്‍ കഴിയുകയെന്ന് യു.എ.ഇ ദുരന്ത നിവാരണ സമിതി അറിയിച്ചു.

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളിലെ വാക്‌സിനെടുത്ത താമസ വിസക്കാര്‍ക്കാണ് യു.എ.ഇയില്‍ മടങ്ങിയെത്താന്‍ അവസരമൊരുങ്ങുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അനുമതി.

അതേസമയം, ചില വിഭാഗത്തില്‍പെട്ടവര്‍ക്ക് വാക്‌സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്‌കൂള്‍, കോളജ്, യൂനിവേഴ്‌സിറ്റി) എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.

വിദ്യാര്‍ഥികള്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്.
യാത്രാവേളയില്‍ അംഗീകാരമുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. അതേസമയം വിസിറ്റിങ് വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here