കോപ്പാ അമേരിക്ക കിരീടം നേടിയ അര്‍ജന്റീനയുടെ വിജയം അന്തരിച്ച ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്കും, അര്‍ജന്റീനയിലെ ജനതയ്ക്കും തന്റെ കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്ന് ലയണല്‍ മെസി.
തന്റെ എല്ലാ വിഷമതകളിലും കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാറ്റിലുമുപരി കൊവിഡില്‍ നട്ടം തിരിയുന്ന അര്‍ജന്റീനയിലെ ജനങ്ങള്‍ക്കും ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് മെസി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
സ്പാനിഷ് ഭാഷയില്‍ എഴുതിയ കുറിപ്പില്‍ അര്‍ജന്റീനയുടെ ഫുട്ബാള്‍ ടീമിനെ നയിക്കാന്‍ സാധിച്ചതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് മെസി പറഞ്ഞു. എവിടെയാണെങ്കിലും തങ്ങള്‍ക്ക് മറഡോണയുടെ പിന്തുണയും അനുഗ്രഹവും യഥേഷ്ടം ഉണ്ടായിരുന്നുവെന്നും മെസി കുറിച്ചു.