കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍. അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാര്‍. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചിരിക്കുന്നത്.
താലിബാന്‍ മുന്നേറ്റം തുടരുന്നതോടെ ജീവനും കയ്യില്‍ പിടിച്ച് രാജ്യം വിടുന്നവരുടെ എണ്ണവും വര്‍ധിച്ചു.ഉറ്റവരുടെ മൃതദ്ദേഹങ്ങള്‍ പോലും ഉപേക്ഷിച്ചാണ് ജനങ്ങള്‍ ടെഹ്‌റാനിലേക്കുള്‍പ്പടെ പലായനം ചെയ്യുന്നത്.സര്‍ക്കാറിന്റെ കണക്കനുസരിച്ച് കാണ്ഡഹാറില്‍ നിന്നു മാത്രം കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ പലായനം ചെയ്തത് 30,000 കുടുംബങ്ങളാണ്.താലിബാന്‍ പിടിച്ചെടുത്ത മേഖലകളില്‍ അവരുടെ നിയമങ്ങള്‍ ശക്തമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ്.
രാജ്യത്തെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ സ്വാധീനം പൂര്‍ണമായും നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിനുള്ളില്‍ അഫ്ഗാനില്‍ മരിച്ചത് 1000 സാധാരണക്കാരാണെന്നാണ് ഐക്യരാഷ്ടസഭയുടെ കണക്ക്. നാലുലക്ഷത്തോളംപേര്‍ ഇതുവരെ അഭയാര്‍ഥികളായി.
കഴിഞ്ഞ മാസം അവസാനം മുതലാണ് താലിബാന്‍ നിയന്ത്രിത മേഖലകളില്‍ നിന്ന് ജനങ്ങള്‍ പലായനം ആരംഭിച്ചത്.കഴിഞ്ഞ ദിവസം താലിബാന്‍ പിടിച്ച കുണ്ഡൂസില്‍നിന്ന് നൂറു കണക്കിനു വാഹനങ്ങളാണ് 320 കിലോമീറ്റര്‍ അകലെയുള്ള കാബൂളിലേക്കു പുറപ്പെട്ടത്. ഇവയില്‍ പലതും പാതിവഴിയില്‍ ആക്രമണത്തിന് ഇരയായി. കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറഞ്ഞു. രോഗവും ആക്രമണവും മൂലം മരിച്ചവരെ പാതിവഴിയില്‍ ഉപേക്ഷിച്ചാണു ജനങ്ങളുടെ പലായനം. വെടിയുണ്ടകള്‍ക്കു നടുവിലൂടെയാണു തങ്ങള്‍ യാത്രചെയ്തതെന്നു ബസില്‍ കാബൂളിലെത്തിയ എന്‍ജിനീയര്‍ ഗുലാം റസൂല്‍ പറഞ്ഞു. ബസ് യാത്ര 10 മണിക്കൂറാണു നീണ്ടത്. കാബൂള്‍ തെരുവുകളില്‍ യുദ്ധ ഭീതിക്കിടെയും ഭക്ഷണംകാത്തുള്ള അഭയാര്‍ഥികളുടെ നീണ്ട ക്യൂ പതിവായിക്കഴിഞ്ഞു
അഭയാര്‍ഥികളുടെ മറവില്‍ കാബൂളിലേക്കു ഭീകരരും നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുണ്ട്. വിവിധ ഓഫീസുകളില്‍ ഭീകരരെത്തി ഭീഷണി മുഴക്കിയതായി അഫ്ഗാന്‍ നികുതി വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് അറിയിച്ചു. ഇരുപക്ഷവും നടത്തുന്ന ആക്രമണത്തില്‍ മരിക്കുന്നവരില്‍ ഭൂരിപക്ഷവും കുട്ടികളാണെന്നു യുണിസെഫ് അറിയിച്ചു. കാണ്ഡഹാറില്‍ മാത്രം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 20 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ് പറഞ്ഞു. 130 കുട്ടികള്‍ക്കാണു പരുക്കേറ്റത്.
തലസ്ഥാനമായ കാബൂളില്‍നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുമ്ബോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.
നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.കാബൂളുമായി പ്രധാനഗരമായ കാണ്ഡഹാറിനെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പട്ടണമാണ് തെക്കുകിഴക്കന്‍ പ്രദേശമായ ഗസ്‌നി. നഗരം വിട്ട ഗസ്‌നി ഗവര്‍ണറെയും ഉപഗവര്‍ണറെയും സുരക്ഷാസേന അറസ്റ്റുചെയ്തതായും നഗരത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും ആഭ്യന്തരമന്ത്രാലയ വക്താവ് മിര്‍വെയ്‌സ് സ്റ്റാനിക്‌സായ് സ്ഥിരീകരിച്ചു.