കേരളത്തിലും ‘പെണ്‍ സുന്നത്ത്’… ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

    42877

    കേരളത്തിലും സ്ത്രീകളിലെ ചേലാകര്‍മ്മംഅഥവാ പെണ്‍സുന്നത്ത് നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം  പുറത്ത്.സന്നദ്ധ സംഘടനയായ സഹിയോ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.ഇന്ത്യയില്‍ ചില പ്രത്യേക വിഭാഗക്കാര്‍ മാത്രമേ പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മ്മം ചെയ്തിരുന്നുള്ളൂ. എന്നാല്‍ കേരളത്തിലെ ചില ഇസ്ലാമിക വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അടുത്തിടെയായി വ്യാപകമായെന്നാണ് റിപ്പോര്‍ട്ടുകള്‍.കോഴിക്കോട് ജില്ലയിലെ ഒരു ക്ലിനിക്കില്‍ സ്ത്രീകളുടെ ചേലാകര്‍മ്മവും നടക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ചേലാകര്‍മ്മത്തിന് വിധേയരാവര്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.പെണ്‍സുന്നത്ത് വിവാഹജീവിതം കൂടുതല്‍ ആഹ്‌ളാദകരമാക്കുന്നുവെന്നാണ് ഇത് ചെയ്യുന്നവരുടെ അവകാശവാദം. ചില ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ ഇതിന് പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സൗദി, ഈജിപ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത് സര്‍വസാധാരണമാണെന്നും ഇതില്‍ യാതൊരു അപകടവുമില്ലെന്നും ചേലാകര്‍മ്മത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. സ്ത്രീ ചേലാകര്‍മ്മം ചെയ്യാനുള്ള ഇടപാടുകാര്‍ എന്ന വ്യാജേനയാണ് സഹിയോ പ്രവര്‍ത്തകര്‍ €ിനിക്കുകളെ സമീപിച്ചത്. ഭര്‍തൃവീട്ടുകാര്‍ ചേലാകര്‍മ്മത്തിന് നിര്‍ബന്ധിക്കുന്നുവെന്നും ഇവിടെ അത് ചെയ്യുമോ എന്ന് ഡോക്ടറോട് ചോദിച്ച യുവതിയോട് ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്ന് ചേലാകര്‍മ്മം ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കുന്നതും വിവാഹജീവിതത്തിന് ഒഴിച്ചു കൂടാത്തതുമാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ അടുത്ത് വിവാഹപൂര്‍വ കൗണ്‍സിലിംഗിന് വരുന്നവരോട് ചോലകര്‍മ്മം നിര്‍ദ്ദേശിക്കാറുണ്ടെന്ന് ഈ ഡോക്ടര്‍ വെളിപ്പെടുത്തി. കേരളത്തിലെ എല്ലാ വിഭാഗം മുസ്ലീങ്ങള്‍ക്കുമിടയില്‍ ഇത് പ്രചാരം നേടിയിട്ടുണ്ടെന്നും ആളുകള്‍ അന്വേഷിച്ചു വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ചെറിയ കുട്ടികള്‍ക്ക് പുരുഷ ഡോക്ടര്‍മാരും മുതിര്‍ന്ന സ്ത്രീകള്‍ക്ക് വനിതാ ഡോക്ടര്‍മാരുമാണ് ചേലാകര്‍മ്മം ചെയ്യുന്നത്. മുറിവ് ഉണങ്ങാന്‍ അഞ്ച് മുതല്‍ ആറ് ദിവസം വരെ എടുക്കും.