ആറ്റിങ്ങല്‍ സ്വദേശിയുടെ കൊലപാതകം:പിടിയിലായ ബിനിയുടേത് ധൂര്‍ത്ത് തകര്‍ത്ത ജീവിതം

8196

ഒരുവര്‍ഷംമുമ്പ് വയനാട് കബനിപ്പുഴയുടെ തീരത്ത് തിരുവനന്തപുരം ആറ്റിങ്ങള്‍ തച്ചൂര്‍കുന്ന്‌
സ്വദേശിസുലിലിനെ  മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃമതിയായ യുവതിക്ക് വിനയായത് ധൂര്‍ത്ത് നിറഞ്ഞ ജീവിതം. കൊയിലേരി റിച്ചാര്‍ഡ് ഗാര്‍ഡനിലെ ബിനി മധു (37) ആണ് കഴിഞ്ഞ ദിവസ്സം അറസ്റ്റിലായത്. കൊയിലേരിയില്‍ സുലില്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയാണ് ഇവര്‍. സഹോദരനെന്ന വ്യാജേന സുലിലിനെ കൂടെ താമസിപ്പിച്ചുപോന്നിരുന്ന ബിനി ഇയാളില്‍നിന്ന് ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയതായി പറയപ്പെടുന്നു.  പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന

ധാരാളിത്തം കൊണ്ട് കടത്തിലകപ്പെട്ട ബിനി ബാധ്യത തീര്‍ക്കാനായി യുവാവിനെ സ്‌നേഹം നടിച്ച് ഒപ്പം കൂട്ടിയെന്നാണ് പോലീസിന്റെ നിഗമനം.ബിനി നാല്പതുലക്ഷത്തോളം രൂപ അപഹരിച്ചതായാണ് നിഗമനം. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ബിനി. വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്ത ഭര്‍ത്താവിന്റെ തുക ഉപയോഗിച്ചാണ് കൊയിലേരി ഊര്‍പ്പള്ളിയില്‍ പത്തുസെന്റ് സ്ഥലത്ത് ബിനി വീട് നിര്‍മിച്ചത്. വീടുപണിയുടെ സമയത്ത് സ്വദേശമായ തിരുവനന്തപുരത്ത് കുടുംബവീട്ടിലെ കല്യാണത്തിന് പോയപ്പോഴാണ് സുലിലിനെ പരിചയപ്പെടുന്നത്. സുലിലുമായി സൗഹൃദം ആരംഭിച്ച ബിനി പിന്നീട് ഒപ്പംകൂട്ടുകയായിരുന്നു. അയല്‍വാസികളെ സഹോദരനാണ് എന്ന് വിശ്വസിപ്പിച്ചു. കുടുംബസ്വത്ത് ഭാഗം വെച്ചപ്പോള്‍ കിട്ടിയ വലിയ തുക സുലിലിന്റെ പക്കലുണ്ടായിരുന്നു. വീടുപണിയുടെ പേരുപറഞ്ഞ് പല തവണയായി സുലിലിന്റെ കൈയില്‍നിന്ന് ബിനി പണം വാങ്ങിയതായാണ് സൂചന. ഇതിന്റെ രേഖകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ആഡംബര ജീവിതം നയിക്കുന്ന ബിനി കാറില്‍ കറങ്ങി നടക്കുന്നത് മാനന്തവാടിക്കാര്‍ക്ക് പതിവു കാഴ്ചയായിരുന്നു. എല്ലാ ദിവസങ്ങളിലും രാവിലെ മുതല്‍ ഹെല്‍ത്ത് ക്ലബ്ബിലെ പരിശീലനത്തിനും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവര്‍ സമയം കണ്ടെത്തിയിരുന്നു. മിക്ക സമയവും ഭക്ഷണം ഹോട്ടലില്‍ നിന്നാണ്. വീട്ടില്‍ ഉള്ള സമയങ്ങളില്‍ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലില്‍നിന്ന് ഓട്ടോെ്രെഡവര്‍മാരെക്കൊണ്ട് വാങ്ങിക്കുകയാണ് പതിവ്. ഇതൊക്കെയാണ് കടബാധ്യതയുണ്ടാക്കിയത്. ഇതിനിടയില്‍ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവിനെ ബിനി ഇറക്കിവിട്ടതായി അയല്‍വാസികള്‍ പറയുന്നു. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്താണ് ബിനിയുടെ ഭര്‍ത്താവ് കഴിയുന്നത്.

സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമൊക്കെ തീര്‍ന്നതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു ബിനിയുടെ ലക്ഷ്യമെന്നുവേണം കരുതാന്‍. കടം നല്‍കിയ പണം തിരികെ വേണമെന്ന് സുലില്‍ നിരന്തരം ആവശ്യപ്പെട്ടതോടെ വീട്ടുജോലിക്കാരിയായ അമ്മുവിന് സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അറസ്റ്റിലായ അമ്മു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അമ്മയ്ക്കു സുഖമില്ലന്ന് പറഞ്ഞ് ബിനി നാട്ടില്‍ പോകുകയും ഈ സമയം അറസ്റ്റിലായ മറ്റു മൂന്നുപേരും കൃത്യം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.ബിനിയുടെ വീട്ടിലെ ജോലിക്കാരി കൊയിലേരി ഊര്‍പ്പള്ളിപൊയില്‍ വേലിക്കോത്ത് അമ്മു(38), മണിയാറ്റിങ്കല്‍വീട് പ്രശാന്ത്(ജയന്‍-36), ഊര്‍പ്പള്ളി പൊയില്‍ കോളനിയിലെ കാവലന്‍ (52) എന്നിവരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അമ്മുവും ജയനും ചേര്‍ന്ന് യുവാവിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും കാവലന്റെ സഹായത്തോടെ മൃതദേഹം പുഴയില്‍ തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.