തിരുവനന്തപുരത്തും ആലപ്പുഴയും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക്; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

320

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോവളം നിയോജകമണ്ഡലത്തിലും  ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ചേര്‍ത്തലയിലും കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായി പരാതി. ഇതേ തുടര്‍ന്ന് രണ്ട് ബൂത്തിലും പോളിംഗ് നിര്‍ത്തി വച്ചു. തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നത് കണ്ടത്.

ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പ്രതിഷേധിക്കുകയാണ്. രാവിലെ മോക്ക് പോള്‍ ആരംഭിച്ച ഘട്ടത്തില്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് വിവരം. ദേശീയതലത്തില്‍ പലയിടത്തും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക് പോകുന്നത്.