വെമ്പായത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒന്നരവയസുള്ള കുഞ്ഞ് മരിച്ചു

3057

കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞ് ഒന്നരവയസുള്ള കുഞ്ഞ് മരിച്ചു.നെടുമങ്ങാട് വെമ്പായം റോഡില്‍ വെമ്പായം മണ്ഡപത്തിന് സമീപമായിരുന്നു അപകടം. കാട്ടാക്കട അമ്പൂരിയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.   അമ്പൂരി ഓടലായനിയില്‍ മൈക്കിള്‍ സുജ ദമ്പതികളുടെ മകള്‍ ടെസയാണ് (ഒന്നര) അപകടത്തില്‍ മരിച്ചത്. മാതാവ് ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു. കാറില്‍ ഒപ്പുണ്ടായിരുന്ന മാതാവ് സുജ (40), സുജയുടെ പിതാവ് എബ്രഹാം (68), മാതാവ് ത്രേസ്യാമ്മ (65) എന്നിവര്‍ക്കും കാറിന്റെ െ്രെഡവര്‍ക്കും മറ്റ് രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയിലേയ്ക്ക് തിരിഞ്ഞ് മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. സുജയും കുഞ്ഞും ഇരുന്ന ഭാഗമാണ് മതിലില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സുജയുടെ കൈയിലിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്.എ.ടി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അമ്പൂരിയില്‍ നിന്നും കാറില്‍ സുജയുടെ ഭര്‍തൃഗൃഹമായ കോട്ടയം പാലായിലുള്ള വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.