ഗള്‍ഫിലിരുന്ന് വനിതാ മതിലിനെതിരെ വാട്സ് ആപ്പില്‍ പ്രതികരിച്ചു; നാട്ടിലെത്തിയ ബിജെപി പ്രവര്‍ത്തകനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചു

219

സിപിഎമ്മിന്‍റെ വനിതാ മതില്‍ പരിപാടിക്കെതിരായ സന്ദേശം വാട്സ് ആപ്പില്‍ ഷെയര്‍ ചെയ്തെന്നാരോപിച്ച്‌ ഭീഷണി നേരിട്ടിരുന്ന പ്രവാസിയായ ബിജെപി പ്രവര്‍ത്തകനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു. മര്‍ദ്ദനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വീടിനും കേടുപാടുകള്‍ സംഭവിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ നാല് പേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ സുനില്‍, ഭാര്യ സയന, മരുമകള്‍ ശ്യാമള എന്നിവരെയാണ് അടിച്ചു പരിക്കേല്‍പ്പിച്ചത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വീടിന്റെ ജനലുകളും വാതിലും ഫര്‍ണിച്ചറുകളും സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്ബാണ് സുനില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. നേരത്തെ വനിതാ മതിലിനെതിരെ വാട്‌സ് ആപ് സന്ദേശം ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഭീഷണിയുണ്ടായിരുന്നതായി സുനില്‍ പറയുന്നു. നാട്ടിലെത്തിയാല്‍ കാണിച്ചു തരാമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെ നാട്ടില്‍ എത്തിയതറിഞ്ഞാണ് വീട് ആക്രമിച്ചതെന്നുമാണ് സുനില്‍ പൊലീസിന് നല്‍കിയ പരാതി.