തമിഴ്‌നാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ഒരു സീറ്റുപോലും നേടാതെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. അതേസമയം സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതില്‍ വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ കഴിയില്ലെന്നും ജനവിധി അംഗീകരിക്കില്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ കമല്‍ഹാസന്‍ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്ന് പറയുന്നത് ഒരു ഔപചാരികതയാണ്, അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടിയുളള ഞങ്ങളുടെ ജോലി തുടരുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം വന്‍വിജയമാണ് നേടിയത്. എ.ഐ.എ.ഡി.എം.കെയുടെ കോട്ടയായിരുന്ന കോയമ്പത്തൂര്‍ അടക്കം സംസ്ഥാനത്തെ 21 കോര്‍പറേഷനുകളിം ഡി.എം.കെ സഖ്യം നേടി. 138 മുന്‍സിപ്പാലിറ്റികളില്‍ 133-ലും 489 നഗരപഞ്ചായത്തുകളില്‍ 437-ലും ഭരണം പിടിച്ചു. ഡി.എം.കെ സഖ്യകക്ഷികളായ കോണ്‍ഗ്രസ് , സി.പി.ഐ , സി.പി.എം, എം.ഡി.എം.കെ, വി.സി.കെ , മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും നേട്ടമുണ്ടാക്കി.