മുന്‍ എംഎല്‍എ ബി രാഘവന്‍ അന്തരിച്ചു

മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കൊട്ടാരക്കര താമരക്കുടി രാഖിയില്‍ ബി രാഘവന്‍ (66) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്നു. എസ്‌സി-എസ്ടി കോര്‍പറേഷന്‍ ചെയര്‍മാനും കെഎസ്‌കെടിയു മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് ബി രാഘവനെയും കുടുംബാംഗങ്ങളെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കടുത്ത ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായതോടെയാണ് ബി രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ഇരുകിഡ്‌നികളുടെയും പ്രവര്‍ത്തനശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി. ഇന്ന് പുലര്‍ച്ചെ നാലേമുക്കാലിന് മരിച്ചു. സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാനികളില്‍ ഒരാളാണ് ബി രാഘവന്‍. 1987ല്‍ നെടുവത്തൂരില്‍നിന്നാണ് രാഘവന്‍ ആദ്യമായി നിയമസഭാ സാമാജികനായത്. കേരള കോണ്‍ഗ്രസ്(ജെ) സ്ഥാനാര്‍ഥിയായ കോട്ടക്കുഴി സുകുമാരനെ 15,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കന്നി അങ്കത്തിലെ നേട്ടം.1991ല്‍ കോണ്‍ഗ്രസിലെ എന്‍ നാരായണനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി. 1996ല്‍ കോണ്‍ഗ്രസിലെ എഴുകോണ്‍ നാരായണനോട് പരാജയപ്പെട്ടുവെങ്കിലും 2006ല്‍ കൊല്ലം നടുവത്തൂര്‍ മണ്ഡലത്തില്‍നിന്ന് 48,023 വോട്ടിന്റെ ഭൂരിപക്ഷം നേടി തിരികെ നിയമസഭയിലെത്തി. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ താമരക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: രേണുക. മക്കള്‍: രാകേഷ് ആര്‍ രാഘവന്‍, രാഖി ആര്‍ രാഘവന്‍.

LEAVE A REPLY

Please enter your comment!
Please enter your name here