ബസിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം അതിവേഗം ഭൂമിയിലേക്ക്. തകര്‍ക്കാന്‍ പദ്ധതിയൊരുക്കി നാസ

425

ഭൂമിയെ ലക്ഷ്യമാക്കി ബഹിരാകാശത്ത് നിന്നും ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ കണ്ടെത്തല്‍. ഭൂമിയുടെ അടുത്തെത്തുന്ന വസ്‌തുക്കളെ (near earth object) നിരീക്ഷിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഇക്കഴിഞ്ഞ മാര്‍ച്ച്‌ 26നാണ് 2019 പി.ഡി.സി എന്ന് പേരിട്ട ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഒമ്ബത് വര്‍ഷങ്ങള്‍ക്ക് ശേഷം 2027ല്‍ ഇത് ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്നും ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിച്ചേക്കുമെന്നുമാണ് നാസയുടെ വിലയിരുത്തല്‍. ഇത് തടയുന്നതിനായി എന്ത് ചെയ്യുമെന്ന് ആലോചിക്കാന്‍ നാസയുടെ നേതൃത്വത്തില്‍ ലോകമെമ്ബാടുമുള്ള ശാസ്ത്രജ്ഞര്‍ ഉടന്‍ തന്നെ കൂടിക്കാഴ്‌ച നടത്തും.

നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ചേര്‍ന്ന് 2019 പി.ഡി.സിയെ തകര്‍ക്കുന്നത് എങ്ങനെയാണെന്ന് പ്രത്യേക സംവിധാനം ഉപയോഗിച്ച്‌ പരീക്ഷിക്കും. ഭൂമിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന നിമിഷത്തില്‍ തന്നെ ഛിന്നഗ്രഹത്തെ തകര്‍ക്കാനുള്ള ശേഷി നിലവില്‍ തങ്ങള്‍ക്കുണ്ടെന്നാണ് നാസയുടെ അവകാശവാദം. അടുത്ത ആഴ്‌ച ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ അക്കാഡമി ഒഫ് ആസ്ട്രോണോടിക്‌സ് പ്ലാനെറ്ററി ഡ‌ിഫന്‍സ് കോണ്‍ഫറന്‍സില്‍ വച്ച്‌ ഇത് സംബന്ധിച്ച പ്രദര്‍ശനമുണ്ടാകും. എന്നാല്‍ ഭൂമിയില്‍ നിന്ന് ഏറെ അകലെ പ്ലൂട്ടോയുടെ ഭാഗത്തായി കാണപ്പെട്ട ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയല്ലെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഒരുപക്ഷേ ഏതെങ്കിലും സാഹചര്യത്തില്‍ ഗതിമാറി ഇത് ഭൂമിയിലേക്ക് എത്തിയാല്‍ തടയുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനങ്ങള്‍.

ആദ്യഘട്ടത്തില്‍ ഈ ഛിന്നഗ്രഹം ഭൂമിയിലെത്തുന്നതിന് 50000ല്‍ ഒരു സാധ്യത മാത്രമാണ് ശാസ്ത്രജ്ഞര്‍ കല്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം തുടര്‍ന്നപ്പോള്‍ 2019 പി.സി.ഡി ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഒരു ശതമാനം സാധ്യതയുള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ ഇടയുള്ള റിസ്‌ക് കോറിഡോര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക, അന്റ്ലാന്റിക്, പസഫിക് സമുദ്രം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉപഗ്രഹം പതിക്കാന്‍ സാധ്യതയുള്ളത്. അതേസമയം, പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാന്‍ തയ്യാറാണെന്നുമാണ് നാസയുടെ അറിയിപ്പ്.