ഉക്രൈന്‍ വിമാനദുരന്തം: ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതെന്ന് യു.എസ്

491

ടെഹ്‌റാനില്‍ നിന്ന് 176 പേരുമായി ബുധനാഴ്ച്ച പുറപ്പെട്ട ഉക്രൈന്‍ വിമാനം ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാവാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ട്.

ബഗ്ദാദിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു വിമാനം തകര്‍ന്നു വീണത്. റഷ്യന്‍ നിര്‍മിത മിസൈലാണ് യുക്രെയ്ന്‍ വിമാനത്തിന് നേര്‍ക്ക് പതിച്ചതെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിച്ചു. അപകടം അന്വേഷിക്കാന്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചതായി ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചു.

തെഹ്‌റാനിലെ ഖുമൈനി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉക്രൈന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍ വിമാനം മിനിറ്റുകള്‍ക്കകമാണ് തകര്‍ന്നുവീണത്. പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്നാണ് ഇറാന്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മൂന്ന് അമേരിക്കന്‍ ഏജന്‍സികളും ഒരു കനേഡിയന്‍, യുറോപ്യന്‍ അന്വേഷണ ഏജന്‍സിയും ഇക്കാര്യം വ്യക്തമാക്കിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.