അധിക്ഷേപിക്കാൻ യു. പ്രതിഭയുടെ പ്രതിഭ അപാരം . ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകള്‍ക്ക് മാദ്ധ്യമ പ്രവര്‍ത്തകരെക്കാള്‍ അന്തസ്സുണ്ടെന്ന പരാമർശം അതിലൊന്ന് മാത്രം

233

സ്വന്തം പാര്‍ട്ടി നേതാക്കളെയും യുവജന സംഘടനാ പ്രവര്‍ത്തകരെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കാന്‍ തെല്ലും മടിയില്ലാത്ത യു. പ്രതിഭ എം.എല്‍.എ, ഏറ്റവുമൊടുവില്‍ വനിതകള്‍ അടക്കം മാദ്ധ്യമ പ്രവര്‍ത്തകരെയും അധിക്ഷേപിച്ചതോടെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്നു.ആലപ്പുഴയിലെ ഒരു ഉന്നത സി.പി.എം നേതാവിനെ യു. പ്രതിഭ ഫേസ്ബുക്കില്‍ സൂരി നമ്ബൂതിരിയോട് ഉപമിച്ചത് വിവാദമായിരുന്നു. പിന്നീട് കായംകുളത്തെ ഡി.വൈ.എഫ്.ഐ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സൈബര്‍ ഗുണ്ടകള്‍ എന്നാണ് വിശേഷിപ്പിച്ചത്.

മന്ത്രി കെ.കെ. ശൈലജയോടായിരുന്നു പിന്നത്തെ അങ്കം. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ, ആരോഗ്യ വകുപ്പ് തന്നെ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രകോപനപരമായ കമന്റിടുകയും മന്ത്രി അതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നീട് ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രതിഭ ഇട്ട ഫോട്ടോയ്ക്ക്, തിരഞ്ഞെടുപ്പ് അടുത്തല്ലോ എന്ന നിര്‍ദോഷ കമന്റിട്ട മണ്ഡലത്തിലെ ഒരു വോട്ടറോട് നിങ്ങളുടെ പിതാവിന്റെ വകയാണോ എന്ന് ചോദിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.കായംകുളത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട എം.എല്‍.എ ഓഫീസ് അടച്ചിട്ട് വീട്ടിലിരുന്ന് ഫേസ്ബുക്കില്‍ വ്യാപരിക്കുന്നത് ശരിയല്ലെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം മിനിസ ജബ്ബാര്‍, ഏരിയ വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്‍ എന്നിവരാണ് കുറ്റപ്പെടുത്തിയത്. ഇതിന് വന്‍ പിന്തുണ ലഭിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ഒാഫീസ് തുറക്കണമെന്നും ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടുകയും ചെയ്തു.

@വിഷ സര്‍പ്പത്തോട് ഉപമ

തന്നെ വിമര്‍ശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ വിഷ സര്‍പ്പത്തോടാണ് പ്രതിഭ ഉപമിച്ചത്. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വാവ സുരേഷിനെ വരുത്തി അവരെ മാളത്തില്‍ നിന്ന് പുറത്തിറക്കുമെന്നും വെല്ലുവിളിച്ചു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ പാര്‍ട്ടിക്ക് പരാതി നല്‍കി. ചില മെഡിക്കല്‍ സ്റ്റോറുകളുടെ നമ്ബര്‍ പങ്കുവച്ച ശേഷം, വിളിച്ചാല്‍ അവര്‍ മരുന്ന് വീട്ടിലെത്തിക്കുമെന്ന പ്രതിഭയുടെ പോസ്റ്റിനെയും ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചിരുന്നു. സൗജന്യമായി മരുന്ന് എത്തിക്കുന്നതാണ് ഒരു എം.എല്‍.എയുടെ വിജയമെന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായിരുന്നു വിഷ സര്‍പ്പങ്ങള്‍ എന്ന പരാമര്‍ശം.