സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ലെന്ന് കാനം

60

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷി സി.പി.ഐ ആണെന്നും സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവില്‍ പങ്കെടുത്തതിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കാനം.
കോട്ടയത്ത് സീറ്റ് വിഭജനം സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. ജില്ലാ പഞ്ചായത്തില്‍ സി.പി.ഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതിന് തയ്യാറല്ലെന്ന നിലപാടാണ് സി.പി.ഐക്കുള്ളത്. പഞ്ചായത്തുകള്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവിടങ്ങളിലും സമാനമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു.

കേരള കോണ്‍ഗ്രസ് വരുന്നതോടെ എല്‍.ഡി.എഫ് മുന്നണി ശക്തിപ്പെടുമെങ്കിലും സി.പി.ഐയുടെ അസ്തിത്വം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള നടപടികളിലേക്ക് പോകാനാകില്ലെന്നാണ് പാര്‍ട്ടി നിലപാട്. ജോസ് കെ മാണി വിഭാഗത്തിനു വേണ്ടി ഒരു സീറ്റ് ഒഴിയാന്‍ സി.പി.ഐ തയ്യാറാണ്.

“തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇനിയും സമയമുണ്ട്. 19-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാല്‍ 23-ാം തീയതി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. കുറേദിവസങ്ങളുണ്ട്.” കാനം പറഞ്ഞു.