നുണയന്മാരെന്ന് വിളിച്ചവരോട് ഇനി ചര്‍ച്ചയില്ല

239

നുണയന്മാരെന്ന് വിളിച്ചവരോട് ഇനി ചര്‍ച്ചയില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താക്കറെ.മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെ അത്തരമൊരു ധാരണ ഉണ്ടായിരുന്നില്ലെന്ന ഫഡ്‌നവിസിന്റെ പ്രസ്താവനയാണ് ഉദ്ധവ് താക്കറെയെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ നൂറുശതമാനവും കാരണക്കാര്‍ ശിവസേനയാണെന്ന് ഫഡ്നവിസ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കുവെക്കാമെന്ന് ശിവസേനയുമായി ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും ഫഡ്നവിസ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് അമിത് ഷായും നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനയെ രൂക്ഷമായ ഭാഷയിലാണ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്.

ശിവ് സൈനികന്‍ മുഖ്യമന്ത്രിയാകും എന്ന് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കുകയാണെന്ന് ഉദ്ധവ് മറുപടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശിവസേനയും ബിജെപിയും ഒന്നിച്ചിട്ട് 25 വര്‍ഷമായി. അമിത് ഷായോടും ഫഡ്‌നവിസിനോടും അധികാരം തുല്യമായി പങ്കിടണമെന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. അവര്‍ അത് അംഗീകരിച്ചിരുന്നതുമാണ്. അധികാരത്തില്‍ തിരികെ എത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 2014ല്‍ എന്താണോ ചെയ്തിരുന്നത് അങ്ങനെ തുടരാന്‍ താത്പര്യപ്പെടുന്നില്ല. ഫഡ്‌നവിസ് എന്റെ സുഹൃത്താണ്, എവിടെയാണ് തെറ്റുസംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് അവര്‍ വാഗ്ദാനം പാലിക്കാതിരിക്കുന്നതെന്ന് മനസിലാകുന്നില്ല. ബാലാസാഹേബ് താക്കറെയുടെ മകന്‍ കള്ളം പറഞ്ഞു എന്ന് ജനങ്ങളോട് പറഞ്ഞത് അംഗീകരിക്കാനാകില്ല- ഉദ്ധവ് പറഞ്ഞു.

ബിജെപിയെ ശത്രുവായല്ല ഞങ്ങള്‍ കാണുന്നത്. എന്നാല്‍ അവര്‍ പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ടുപോവുകയാണ്. നിങ്ങളെ സഹോദരന്മാരെപ്പോലെയാണ് ഞങ്ങള്‍ കരുതിയത്. എന്നിട്ടും ഇങ്ങനെയാണോ നിങ്ങള്‍ ഞങ്ങളെ പരിഗണിക്കുന്നതെന്നും ബിജെപിയോട് അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുന്നുവെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്ന് ഞങ്ങളും പറയുന്നു. അധികാരം പങ്കിടുന്നതു സംബന്ധിച്ച്‌ സത്യം പുറത്തുപറയുന്നതുവരെ ഫഡ്‌നവിസുമായി സംസാരിക്കാനില്ല. ചര്‍ച്ചകള്‍ക്ക് ഞങ്ങളും സന്നദ്ധരാണ്‌. എന്നാല്‍ ഞങ്ങളെ നുണയന്മാരെന്ന് വിളിച്ചവരുമായി ചര്‍ച്ച നടത്താന്‍ മനസാക്ഷി സമ്മതിക്കുന്നില്ല. ഇനിയും അവര്‍ അങ്ങനെ പറയുന്നുവെങ്കില്‍ ബിജെപിയുമായി ഭാവിയില്‍ ഒരു ചര്‍ച്ചകള്‍ക്കും ഞങ്ങള്‍ തയ്യാറല്ല- ഉദ്ധവ് താക്കറെ വ്യക്തമാക്കി.

തെറ്റായ ആളുകളുമായാണ് സഖ്യമുണ്ടാക്കിയതെന്നാണ് ഇപ്പോള്‍ തോന്നുന്നത്. അധികാരം തുല്യമായി പങ്കിടണമെന്ന ധാരണ പരസ്യമായി പറയരുതെന്നും അത് തന്റെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഫഡ്‌നവിസ് അഭ്യര്‍ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ തെറ്റ് തുറന്ന് സമ്മതിക്കാതെ ഒരു ചര്‍ച്ചകള്‍ക്കും ഒരുക്കമല്ല. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

ബിജെപിയോടൊപ്പമോ അവര്‍ ഇല്ലാതെയൊ ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഉണ്ടാകും. ചര്‍ച്ചകള്‍ക്കായുള്ള വാതില്‍ ഞങ്ങള്‍ അടച്ചിട്ടില്ല. ബിജെപി ഞങ്ങളോട് നുണപറഞ്ഞിരിക്കുന്നു. അതിനാലാണ് അവരോട് സംസാരിക്കാന്‍ താത്പര്യപ്പെടാത്തത്. എന്‍സിപിയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവ്‌സേനയ്ക്ക് മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബാലാസാഹേബിന് ഞാന്‍ വാക്കുനല്‍കിയിരുന്നതാണ്. വാക്ക് പാലിക്കാന്‍ അമിത് ഷായോ ഫഡ്‌നവിസോ എനിക്ക് ആവശ്യമില്ല. അമിത് ഷായേക്കാളും ബിജെപിയെക്കാളും വിശ്വാസം മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് താക്കറെ കുടുംബത്തിനോടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിയമസഭാ കാലാവധി ഒമ്ബതിന് അവസാനിക്കും. അതിനുമുമ്ബ് ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഗവര്‍ണര്‍ അദ്ദേഹത്തോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജി വെച്ചതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശിവസേനയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഫഡ്‌നവിസ് സംസാരിച്ചത്. ഇതിനുള്ള മറുപടിയായാണ് ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനം വിളിച്ചത്.