പത്തു രൂപ ലാഭിക്കാൻ നോക്കിയ കണ്ടക്ടർക്ക് കിട്ടിയത് 500 രൂപ പിഴയും മാനഹാനിയും

197

ഇനിയെങ്കിലും പഠിക്കണം, വിദ്യാര്‍ത്ഥികളെ കയറ്റാതെ പായുകയും എസ്ടി നിഷേധിക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകള്‍ക്ക് ഇതൊരു പാഠമാകട്ടെ. പരീക്ഷയ്ക്കു പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നു എസ്ടിക്കു പകരം ഫുള്‍ ടിക്കറ്റ് ഈടാക്കിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു 500 രൂപ പിഴയും മാനഹാനിയും.
പൂക്കാട്ടുപടി-ഐലന്‍ഡ് റൂട്ടിലെ റാഹത്ത് ബസിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളിലായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പോകാനാണു ഇടപ്പള്ളിയില്‍ നിന്ന് കുട്ടി ബസില്‍ കയറിയത്. ഈ സമയം എസ്ടി നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 രൂപ ടിക്കറ്റ് നല്‍കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കണ്ടക്ടര്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി പിതാവിനൊപ്പം ആര്‍ടിഒ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതോടെ ബസ് ഉടമയേയും കണ്ടക്ടറേയും ആര്‍ടി ഓഫിസില്‍ വിളിച്ചുവരുത്തി കണ്ടക്ടറെകൊണ്ട് കുട്ടിയില്‍ നിന്ന് അധികമായി വാങ്ങിയ പണം തിരികെ നല്‍കിപ്പിച്ചു. മാത്രമല്ല, 500 രൂപ പിഴ അടയ്ക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു.