കാഴ്ചയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ലോട്ടറി തട്ടിയെടുത്തപ്രതി പിടിയിൽ

443

കാഴ്ചശേഷിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും ലോട്ടറി തട്ടിയെടുത്ത മോഷ്ടാവ് പിടിയിൽ. എറണാകുളം മരട് സ്വദേശി സുനിൽകുമാർ ആണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളില്‍ പൊലീസ് മോഷ്ടാവിനെ വലയിലാക്കുകയായിരുന്നു.

തിരുവനന്തപുരം റെയിൽവേ പൊലീസ് ആണ് ഇയാളെ തിരിച്ചറിഞ്ഞത്. പോക്കറ്റടിക്കാരനായ ഇയാളെ മുമ്പ് റെയിൽ പൊലീസ് പിടിച്ചിട്ടുണ്ട്.

തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിലാണ് സംഭവം. വർഷങ്ങളായി തമ്പാനൂരിൽ ലോട്ടറി കച്ചവടം നടത്തുന്ന വാഴച്ചാൽ ഗീതാഭവനിൽ സുരൻ ആണ് തട്ടിപ്പിന് ഇരയായത്. ഇയാൾക്ക് കാഴ്ചശേഷിയില്ല.

ലോട്ടറി വാങ്ങാനെന്ന വ്യാജേന അടുത്തുകൂടിയ സുനിൽകുമാർ പണം നൽകാതെ ടിക്കറ്റുമായി സ്ഥലം വിടുകയായിരുന്നു. 23 ടിക്കറ്റുകളാണ് ഇയാൾ തട്ടിയെടുത്തത്. ഇതിന് 640 രൂപ വിലവരും. ലോട്ടറി വാങ്ങാനെത്തിയ മറ്റൊരു യുവാവ് പോകുന്നതുവരെ കാത്തുനിന്ന ശേഷമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.

ടിക്കറ്റ് വാങ്ങിയ ആൾ ചില്ലറ വാങ്ങാൻ കടയിൽ പോയി എന്നാണ് സുരൻ ആദ്യം കരുതിയത്. ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് സുരൻ മറ്റ് യാത്രക്കാരോട് കാര്യം പറയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.

ബസ് സ്റ്റാന്റിലെ കെഎസ്എഫ്ഇ-യുടെ നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ വിശദമായ തെരച്ചിലിലാണ് പ്രതി പിടിയിലായത്.