ഡയറക്ടറായി രണ്ടാം ഊഴത്തിന് ഡോ. ആശാ കിഷോര്‍, അനുമതി തേടിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി

382

ഡയറക്ടറായി രണ്ടാം ഊഴത്തിന് ഡോ. ആശാ കിഷോര്‍, അനുമതി തേടിയത് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി

വിവാദങ്ങള്‍ക്കിടെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി തുടരാന്‍ അനുമതി തേടി നിലവിലെ ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ ഭരണസമിതിയെ സമീപിച്ചു. കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 12ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ് ബോഡി മീറ്റിംഗിന്റെ അജണ്ടയിലാണ് ഡയറക്ടര്‍ ആവശ്യം ഉള്‍പ്പെടുത്തിയത്. ആശാ കിഷോറിന്റെ നീക്കത്തെ എതിര്‍ത്ത് ഒരു വിഭാഗം അംഗങ്ങള്‍ രംഗത്തെത്തിയതോടെ അടുത്ത ഡയറക്ടര്‍ നിയമനം തര്‍ക്കത്തില്‍ കലാശിച്ചു.

ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പ്രവര്‍ത്തനത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചേരുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി യോഗത്തിലാണ്. ചെവ്വാഴ്ചത്തെ യോഗത്തിന്റെ അജണ്ടയില്‍ പതിനൊന്നാമത്തെയും അവസാനത്തെയും ഐറ്റമായിരുന്നു ഡയറക്ടറുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍. ഡോ. വല്ല്യത്താന്‍, ഡോ. കെ.രാധാകൃഷ്ണന്‍, ഡോ. മോഹന്‍ദാസ് തുടങ്ങിയവര്‍ക്ക് ലഭിച്ചിട്ടുള്ള രണ്ടാം ഊഴത്തിന്റെ ചുവടുപിടിച്ചാണ് നിര്‍ദേശം സമര്‍പ്പിച്ചത്. നിലവിലെ ചട്ടം, വ്യവസ്ഥകള്‍ എന്നിവയും പ്രഥമ പരിഗണനയ്ക്കുള്ള യോഗ്യതയും ഉയര്‍ത്തിയാണ് അജണ്ടയില്‍ ആശ കിഷോര്‍ രണ്ടാം ഊഴത്തിന് യോഗ്യയാണെന്ന് വാദിക്കുന്നത്.

ഡോ. ടി.പി. സെന്‍കുമാര്‍ അടക്കമുള്ള ഒരു വിഭാഗം അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭരണ വീഴ്ചയ്ക്കും അഴിമതികള്‍ക്കുമെതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര സയന്‍സ് ആന്റ് ടെക്‌നോളജി മന്ത്രാലയം നേരത്തെ രണ്ടു കമ്മിറ്റികളെ നിയോഗിച്ചിരുന്നു. ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ഓഡിറ്റ് റിപ്പോര്‍ട്ടും വസ്തുതാ പരിശോധന കമ്മിറ്റി റിപ്പോര്‍ട്ടും സമര്‍പ്പിക്കപ്പെട്ടത്. മാസങ്ങള്‍ക്കു മുമ്പ് സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ടുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്യാത്തതാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ അംഗങ്ങള്‍ ഡയറക്ടറുടെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്തു.

ശ്രീചിത്രയിലെ ഭൂരിപക്ഷം ഡോക്ടര്‍മാരും ജീവനക്കാരുമായി ശക്തമായ അഭിപ്രായ വ്യത്യാസത്തില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ഡയറക്ടര്‍ ആശാ കിഷോറിനെതിരെ ഇന്‍സ്റ്റിറ്റിയുട്ട് ബോഡിയിലും എതിര്‍പ്പ് ഉയരുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധിയെ ഓഫീസില്‍ വിളിച്ചുവരുത്തി ഡയറക്ടര്‍ അപമാനിച്ചത് അടുത്തിടെ വിവാദമായിരുന്നു. ഡോക്ടര്‍മാരുടെ ഏക സംഘടനയായ ഫാക്കല്‍റ്റി അസോസിയേഷന്‍ പ്രസിഡന്റും ശ്രീചിത്രയിലെ സീനിയര്‍ ഡോക്ടറുമായ ജയകുമാറിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മേയ് 6 ന് കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചിരുന്നു.

ഭരണത്തിലും ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലും ഗുരുതരമായ ക്രമക്കേടുകള്‍ ശ്രീചിത്രയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് രണ്ട് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ആഡിറ്റ് കമ്മിറ്റിയുടെ 27 കണ്ടെത്തലുകളില്‍ 13 എണ്ണം ഗുരുതരവും അടിയന്തര ഇടപെടല്‍ ആവശ്യമുള്ളതുമാണ്. കൃത്യസമയത്ത് ടി.ഡി.എസ്. രേഖകള്‍ ഹാജരാക്കാത്തതുമൂലം 2.09 കോടി രൂപ മടക്കി ലഭിക്കാത്തത്, നശിപ്പിച്ചുകളയുകയോ ലേലം ചെയ്യുകയോ ചെയ്തതായി കാണിച്ച് 4.42 കോടിയുടെ ആസ്തികള്‍ എഴുതി തള്ളിയത്, ഇല്ലാത്ത ആനുകൂല്യങ്ങളുടെ പേരില്‍ 8.34 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കിയത്, പരസ്യമായി അപേക്ഷ ക്ഷണിക്കാതെ നിയമനം നടത്തിയത്, വിവിധ ചികിത്സാ ബില്ലുകളിലായി ശ്രീചിത്രയ്ക്ക് ലഭിക്കേണ്ട 5.69 കോടി രൂപ ആറു മാസം കഴിഞ്ഞിട്ടും പിരിച്ചെടുക്കാന്‍ ശ്രമിക്കാത്തത്, സ്‌റ്റോറിലെ സ്‌റ്റോക്കുകളിലെ കുറവ് തുടങ്ങി രണ്ടു വര്‍ഷത്തിനിടെയുള്ള നിരവധി ക്രമക്കേടുകളാണ് ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.

ജൂലൈ 14നാണ് ഡയറക്ടര്‍ ഡോ. ആശാ കിഷോറിന്റെ കാലാവധി അവസാനിക്കുന്നത്. വസ്തുതാന്വേഷണ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം കാലാവധി അവസാനിക്കുന്നതിന് മൂന്നു മാസം മുന്നേ പുതിയ ഡയറക്ടറെ നിയമിക്കണം. ഇതടക്കമുള്ള ശിപാര്‍ശകള്‍ തള്ളിക്കൊണ്ടാണ് രണ്ടാം ഊഴമെന്ന ലക്ഷ്യവുമായി ആശാ കിഷോര്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ, കാലവധി തീരാന്‍ കേവലം രണ്ടു മാസം മാത്രം അവശേഷിക്കുമ്പോഴും മറ്റൊരു ഡയറക്ടറെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല