കരിയറില്‍ അപൂര്‍വമായ ഒരു സെഞ്ചുറി വരള്‍ച്ചയിലൂടെ കടന്നുപോകുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
2019 നവംബറില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ മൂന്നക്കം തികച്ചതിനു ശേഷം പിന്നീടിതുവരെ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന് ആ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
ന്യൂസീലന്‍ഡിലും ഓസ്‌ട്രേലിയയിലും നാട്ടിലുമായി 10 ടെസ്റ്റ് ഇന്നിങ്‌സുകളാണ് കോലി ഒരു സെഞ്ചുറി പോലുമില്ലാതെ പിന്നിട്ടത്.
ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിനിറങ്ങുന്ന കോലിയെ കാത്ത് ഒരു സെഞ്ചുറി റെക്കോഡുണ്ട്.
മൊട്ടേരയില്‍ നടക്കുന്ന മത്സരത്തില്‍ മൂന്നക്കം തികയ്ക്കാനായാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡ് വിരാട് കോലിക്ക് സ്വന്തമാകും.
നിലവില്‍ ക്യാപ്റ്റനെന്ന നിലയില്‍ 41 അന്താരാഷ്ട്ര സെഞ്ചുറികളുമായി കോലി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇതുവരെ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയെങ്കിലും കോലിക്ക് അവയൊന്നും സെഞ്ചുറിയിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാനായാല്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ വിജയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടവും കോലിക്ക് സ്വന്തമാകും. നിലവില്‍ 21 വിജയങ്ങളുമായി കോലി, മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമാണ്.