വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയം. ഉത്തര്‍ പ്രദേശിനെ മൂന്നു വിക്കറ്റിന് തകര്‍ത്താണ് കേരളം വിജയം ആഘോഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍ പ്രദേശ് 49.4 ഓവറില്‍ 283 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 48.5 ഓവറില്‍ വിജയം സ്വന്തമാക്കി. അഞ്ചുവിക്കറ്റുമായി തിളങ്ങിയ ശ്രീശാന്തിന്റെ ഉജ്ജ്വല പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. 15 വര്‍ഷത്തിനുശേഷമാണ് ലിസ്റ്റ് എ മത്സരത്തില്‍ ശ്രീശാന്ത് അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവെയ്ക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍ പ്രദേശിനായി 57 റണ്‍സെടുത്ത പ്രിയം ഗാര്‍ഗും 54 റണ്‍സെടുത്ത അഭിഷേക് ഗോസ്വാമിയും മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീശാന്ത് 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങിയാണ് അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. സച്ചിന്‍ ബേബി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജലജ് സക്‌സേനയും എം.ഡി നിധീഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി 81 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 76 റണ്‍സെടുത്ത സച്ചിന്‍ ബേബിയും മികച്ച പ്രകടനം കാഴ്ചവെച്ചു. 31 റണ്‍സെടുത്ത ജലജ് സക്‌സേനയും 30 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 29 റണ്‍സ് നേടിയ സഞ്ജു സാംസണും നന്നായി കളിച്ചു.
ഉത്തര്‍ പ്രദേശിനായി ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ കളിക്കാനിറങ്ങി. താരം ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ടീമിനായി കരണ്‍ ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി.
ഈ വിജയത്തോടെ എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ടീം വിജയിച്ചു.