പ്രേതങ്ങളുടെ കാട്, മരങ്ങളുടെ കടൽ: ഭീതി നിറച്ച് ഓക്കിഗഹാറ

ജപ്പാനിലെ ഹോണ്‍ഷു ദ്വീപിലെ ഫുജി പര്‍വതത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഘോരവനമാണ് ഓക്കിഗഹാറ. ഓക്കിഗഹാറ എന്ന ജാപ്പനീസ് പദത്തിന്റെ അര്‍ത്ഥം ‘മരങ്ങളുടെ കടല്‍’ എന്നാണ്. എ.ഡി. 864-ല്‍ ഫുജി പര്‍വതം പൊട്ടിത്തെറിച്ച് ഒഴുകിയ ലാവ തണുത്തുറഞ്ഞ 30 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് പിന്നീട് മരങ്ങള്‍ മുളച്ചു പൊങ്ങി കൊടുംകാടായത്. 1960കള്‍ക്കു ശേഷം സ്ഥിരമായി ആത്മഹത്യകള്‍ നടക്കുന്ന സ്ഥലമായി ഈ ഘോരവനം മാറുകയും ചെയ്തു. അതോടൊപ്പം പ്രേത കഥകളും പ്രചരിച്ചു.

ആത്മഹത്യകള്‍ കൂടിയതോടെ സൂയിസൈഡ് ഫോറസ്റ്റ് എന്ന പേരും ഓക്കിഗഹാറയ്ക്ക് ലഭിച്ചു. കാടിനുള്ളില്‍ യാത്ര ചെയ്യുന്ന പലരും അസാധാരണമായ രൂപങ്ങളും കാതു തുളച്ചു കയറുന്ന നിലവിളികളും കേട്ടതായി പറയുന്നു. കാടിനുള്ളില്‍ പ്രേതങ്ങള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

ലാവ തണുത്തുറഞ്ഞുണ്ടായതിനാല്‍ ഈ പ്രദേശത്തിന് സാന്ദ്രത വളരെ കൂടുതലാണ്. ഈ ലാവ പാറകള്‍ ശബ്ദത്തെ ആഗിരണം ചെയ്യുന്നു. അതുകൊണ്ടു തന്നെ കാടിനുള്ളില്‍പ്പെടുന്ന ആളുകള്‍ക്ക് എപ്പോഴും വല്ലാത്ത ഏകാന്തത തോന്നും. വടക്കുനോക്കിയന്ത്രങ്ങള്‍ തെറ്റായ ദിശ കാണിക്കുന്ന ഇടം കൂടിയാണ് ഓക്കിഗഹാര. ലാവ തണുത്തുറഞ്ഞ പാറകളില്‍ ഇരുമ്പിന്റെ അംശമുള്ളതാണ് ഇതിനു കാരണം. എന്നാല്‍ അല്‍പ്പം ഉയരത്തില്‍ വെച്ചാല്‍ കോമ്പസുകള്‍ ശരിയായി പ്രവര്‍ത്തിക്കും.

ജപ്പാനിലെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ മാര്‍ച്ച് മാസത്തില്‍ ഇവിടെ ആത്മഹത്യകള്‍ വര്‍ദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. 2003ല്‍ 105 മൃതദേഹങ്ങള്‍ കാട്ടില്‍ നിന്ന് കണ്ടെത്തി. 2010ല്‍ 200 ഓളം പേര്‍ കാട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി സിനിമകളിലും നോവലുകളിലും വീഡിയോ ഗെയിമുകളിലും മറ്റും ഓക്കിഗഹാര വനം പശ്ചാത്തലമായിട്ടുണ്ട്. ഇപ്പോള്‍ കാടിനുള്ളില്‍ ആത്മഹത്യ ചെയ്യാനെത്തുന്നവരെ ബോധവല്‍ക്കരിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടലുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here