‘പുരുഷന്റെ കാമം വെച്ച് പെണ്ണിനെ അളക്കരുത്, കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു എന്ന ചോദ്യം നേരിടേണ്ടി വരുന്ന സ്ത്രീകള്‍’

ആക്ടിവിസ്റ്റും ,ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ താരമാണ് ദിയ സന. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ദിയ . ഇപ്പോള്‍ ഫേസ്ബുക്കില്‍ താരം പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആകുന്നത്. ആണ്‍തുണയില്ലാതെ ജീവിക്കുന്ന പെണ്ണുങ്ങളെ കുറിച്ചാണ് ദിയ സനയുടെ കുറിപ്പ്.

ദിയ സന പങ്കുവെച്ച കുറിപ്പിങ്ങനെ;

‘ആണ്‍കൂട്ടില്ലാത്ത സ്ത്രീകള്‍ ഇക്കാലത്ത് ഏറെയുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്നവര്‍, വിധവകള്‍, ഭര്‍ത്താവ് അന്യദേശത്തായവര്‍, വിവാഹമേ വേണ്ടെന്ന് വെച്ചവര്‍ .എല്ലാവരും അതില്‍ ഉള്‍പ്പെടും. ഇങ്ങനെയുള്ള സ്ത്രീകളോട് ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒരു ചോദ്യമുണ്ട്,’കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു’.. എനിക്ക് പരിചിതരായ പല സ്ത്രീകളും ഈ വിഷയം എന്നോട് സംസാരിച്ചിട്ടുണ്ട്. പല പുരുഷന്മാരും നല്ലതല്ലാത്ത ഭാഷയില്‍ അവരോട് പെരുമാറുന്നതിനെക്കുറിച്ച്. ഒരിക്കല്‍ മാധവിക്കുട്ടി പറഞ്ഞൊരു വാചകമുണ്ട് പുരുഷന്മാരെക്കുറിച്ച് ..’ഹൌ ഡു ദെയ് ഗോ റ്റു ബ്രോതല്‍സ് ആന്‍ഡ് സ്ലീപ് വിത്ത് അണ്‍നോണ്‍ ബോഡീസ്’..?

പുരുഷന്റെ കാമം അത്രയേയുള്ളൂ. അത് വെച്ച് പെണ്ണിനെ അളക്കരുത്. പുരുഷന്റെ തുണയില്ലാത്ത പെണ്ണിന് ഉത്തരവാദിത്തങ്ങള്‍ കൂടുതലാണ്. ഒരേ സമയം കുട്ടികള്‍ക്ക് അമ്മയും അച്ഛനും ഡോക്ടറും വീടിന്റെ നാഥയും ആകേണ്ടി വരുന്നു. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍..അതില്‍ പ്രത്യേകിച്ചും സാമ്ബത്തിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കഷ്ടത്തിലാകുന്നു. വീട്ടിലെ കാര്യങ്ങള്‍,കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ കാര്യങ്ങള്‍ ,,അങ്ങനെയങ്ങനെ നൂറു തരത്തിലുള്ള ചിന്തകളാല്‍ മനസ്സും ശരീരവും അസ്വസ്ഥമായിരിക്കും. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുട്ടികള്‍ക്ക് ആരുണ്ടെന്ന ഉത്ക്കണ്ഠ,ഇഷ്ടമുള്ളൊരു ആഹാരം പോലും മനസ്സ് കണ്ടറിഞ്ഞ് ഒരാള്‍ വാങ്ങിക്കൊടുക്കാനില്ലാത്ത പെണ്ണിന്റെ മനസ്സ് നിങ്ങള്‍ക്കെങ്ങനെ മനസ്സിലാകുവാനാണ് സുമംഗലീ സിന്ദുരമകുടങ്ങളേ. അങ്ങനെയുള്ളൊരു പെണ്ണ് രാത്രി ഉറങ്ങാന്‍ കിടക്കുമ്‌ബോള്‍ ,ഒറ്റയ്ക്കിരിക്കുമ്‌ബോള്‍,മഴ കാണുമ്‌ബോള്‍,ചിന്തിക്കുക സെക്‌സിനെക്കുറിച്ച് ആയിരിക്കില്ല.

അവളുടെ മനസ്സില്‍ എല്ലായ്‌പ്പോഴും അതിജീവനത്തിന്റെ വഴികളെക്കുറിച്ചാകും ചിന്ത. അതുകൊണ്ട് ,പെണ്ണെന്നാല്‍ സെക്‌സ് എന്നതിനപ്പുറം പല തലമുറകളുടെ ജൈവികമായ നിലനില്‍പ്പിന്റെ ദേവി കൂടിയാണ്. സെക്‌സ് അവള്‍ക്ക് അനാവശ്യമാണെന്നല്ല,പക്ഷേ ,ജീവിതമെന്ന നരകയാതനയിലൂടെ ഒറ്റയ്ക്ക് കടന്നുപോകുന്നവര്‍ക്ക് അതൊരു ആഡംബരമാണ്,ആവശ്യകാര്യമല്ല. ആശങ്കകളുടെ, അനിശ്ചിതത്വങ്ങളുടെ, ഇടയിലെ അനാഥത്വം മനസ്സിലാവുന്നവര്‍ ‘കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു’ എന്ന വൃത്തികെട്ട സംശയവുമായി വരില്ല എന്നുറപ്പാണ്. ഒറ്റക്കായ ഒരു സ്ത്രീയുടെ, വിശേഷിച്ചു അവള്‍ ഒരു അമ്മ കൂടി ആണെങ്കില്‍ അവളുടെ ജൈവിക മാനസിക പ്രവര്‍ത്തനങ്ങള്‍ എത്രയോ സങ്കീര്‍ണ്ണമായിരിക്കുമെന്ന്, അവരുടെ പരിഗണനാക്രമങ്ങള്‍ എത്രമേല്‍ വ്യത്യസ്തമായിരിക്കുമെന്ന്, മുന്‍ഗണനകള്‍ തീരുമാനിക്കപ്പെടുന്നത് രതിക്കും ഒക്കെ അപ്പുറത്തുള്ള എത്രയോ അതിജീവന സന്ദേഹങ്ങളിലൂടെയാണെന്ന് അറിയാത്ത, അറിഞ്ഞാലും കാര്യമില്ലാത്ത, നിഷ്‌കളങ്കരോട് പിന്നെ ഒന്നും പറഞ്ഞിട്ടും കാര്യമില്ലല്ലോ…

LEAVE A REPLY

Please enter your comment!
Please enter your name here