സി പി എമ്മിന് പിന്നാലെ യുഡിഎഫ് നേതാക്കള്‍ക്കും ബന്ധം; ചിത്രങ്ങള്‍ പുറത്ത്

729

സി.പിഎം നേതാക്കൾക്ക് പിന്നാലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി അബ്ദുള്‍ ലൈസുമായി യുഡിഎഫ് നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ ലൈസിനൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം എല്‍ഡിഎഫ് എംഎല്‍മാര്‍ക്കൊപ്പം ലൈസ് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുന്ന ചിത്രങ്ങള്‍ പുറത്തായിരിക്കുന്നത്. ലൈസുമായുള്ള ബന്ധത്തിന്റെ പേരില്‍ എല്‍ഡിഎഫിനെതിരെ പോരാട്ടം തുടങ്ങിയ യുഡിഎഫിന് ഇത് തിരിച്ചടി ആയിരിക്കുകയാണ്.അതേസമയം, ലൈസുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ഫിറോസും സിദ്ദിഖും രംഗത്തെത്തി. വ്യക്തിപരമായി അബ്ദുള്‍ ലൈസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫിറോസ് പറഞ്ഞു. ചിത്രത്തിന്റെ ആധികാരികത പൊലീസ് തെളിയിക്കട്ടെയെന്നും ലൈസുമായി ബന്ധമുണ്ടെന്ന ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഫിറോസ് പ്രതികരിച്ചു.അബ്ദുള്‍ ലൈസുമായി നേരിട്ട് ബന്ധമില്ലെന്ന് ടി സിദ്ദിഖും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് ദുബായില്‍ പോയപ്പോള്‍ എടുത്ത ചിത്രം ആകാമെന്നും സിദ്ദിഖ് പറഞ്ഞു. ഏതന്വേഷണം നേരിടാനും തയ്യാറാണെന്നും ഇരുവരും വ്യക്തമാക്കി.കഴിഞ്ഞ ദിവസം എല്‍ഡിഎഫ് എംഎല്‍എമാരായ പിടിഎ റഹിം, കാരാട്ട് റസാഖ് എന്നിവര്‍ ലൈസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ലൈസുമായി എല്‍ഡിഎഫ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തുകയും ചെയ്തു. കോടിയേരിയുടെ ജനജാഗ്രതാ യാത്രയിലെ കാര്‍വിവാദത്തിന് പിന്നാലെ വന്ന ഈ ആരോപണം എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുള്‍ ലൈസ്. ഡിആര്‍ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള പ്രതിയാണ് ലൈസ്. അതിനാല്‍ കേരളത്തില്‍ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും ലൈസ് അറസ്റ്റ് ചെയ്യപ്പെടും. എന്നാല്‍ ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെ നാലുതവണയാണ് ലൈസ് കേരളത്തില്‍ വന്നുപോയത്.