വികാരങ്ങളെ തടുക്കാന്‍ ശേഷിയില്ല; സെക്‌സിന്റെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവുകയാണ് അച്ചന്മാര്‍.സിസ്റ്റര്‍ ലൂസി കളപ്പുര മനസ് തുറക്കുന്നു

453

 

കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ജലന്ധറിലെ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നീതി തേടി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ പേരില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയ  സിസ്റ്റര്‍ ലൂസി ഒരു ഓൺ ലൈൻ പത്രത്തിന് നൽകിയ അഭിമുഖം ചർച്ചയാവുകയാണ്  വിവാദമായേയ്ക്കാവുന്ന ഈ അഭിപ്രായങ്ങൾ ഇങ്ങനെ:

ക്രിസ്ത്യന്‍ പുരോഹിതരുടെ ലൈംഗിക അഭിലാഷങ്ങളുടെ ഇരകളായി സന്യാസിനി സമൂഹം പലപ്പോഴും മാറിപ്പോകുന്നത് കണ്ടിട്ടുണ്ട്, സിസ്റ്റര്‍ ലൂസി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറിയില്ല. ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയുമായി ചങ്ങാത്തവുമില്ല. പക്ഷെ കന്യാസ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ വ്യക്തമായി കാര്യങ്ങള്‍ അറിയാമായിരുന്നു. അതിനാലാണ് ആ സമരത്തില്‍ സജീവമായി നിലയുറപ്പിച്ചത്. ഇപ്പോള്‍ പുറത്താക്കല്‍ തന്നെ വന്നു കഴിഞ്ഞു .എന്നെ ഒന്നും ഭയപ്പെടുത്തിയിരുന്നില്ല. രണ്ടും കല്‍പ്പിച്ചാണ് സമരത്തില്‍ പങ്കെടുത്തത്. ആ സമരം അനിവാര്യമായിരുന്നു.-സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.

ഞങ്ങളുടെ സന്യാസി സമൂഹവും ബിഷപ്പ് ഫ്രാങ്കോ ഉള്‍പ്പെടുന്ന സന്യാസി സമൂഹവും വെവ്വേറെയാണ്. പരസ്പര ബന്ധമില്ല. അതുകൊണ്ട് തന്നെ അവിടുത്തെ സന്യാസികള്‍ ആരെന്നു എന്നതിനെക്കുറിച്ചൊന്നും എനിക്ക് അറിയാമായിരുന്നില്ല. പക്ഷെ പൊതുവില്‍ ലൈംഗിക അടിമകള്‍ ആയി കന്യാസ്ത്രീകള്‍ മാറിപ്പോകുന്ന ഒരു ചിത്രം എന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ലൈംഗിക അതിക്രമത്തിന്റെ പേരില്‍ നീതി തേടി കന്യാസ്ത്രീകള്‍ സമരം ഇരുന്നപ്പോള്‍ കൂടെപ്പോയി സമരത്തില്‍ പങ്കെടുത്തത്.

സന്യാസിനിക്ക് ചേരാത്തത് ഒന്നും ചെയ്തിട്ടില്ല. തെറ്റു ചെയ്തവര്‍ മാന്യന്മാരും തെറ്റുകളൊന്നും ചെയ്യാത്തവര്‍ കുറ്റക്കാരും ആകുന്നത് നീതിയല്ല. യൗവനം, ആരോഗ്യം, സമ്ബത്ത് ഇവയൊക്കെ വര്‍ഷങ്ങളായി സമര്‍പ്പിച്ച സഭയില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ വെറും കൈയോടെ ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ അതിനു കഴിയുമോ? സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ആദ്യം വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് അപ്പീല്‍ നല്‍കും. അതിനുശേഷം നിയമ പോരാട്ടം നടത്തും -സിസ്റ്റര്‍ പറയുന്നു.

ലൈംഗിക അതിക്രമത്തിനു വിധേയരാകുമ്ബോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടതുമുണ്ട്. ലൈംഗികത മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്. ഓരോ മനുഷ്യനിലും ഉള്ള അവസ്ഥയാണിത്. ലൈംഗികചോദനകള്‍ ഓരോ മനുഷ്യനിലും അനുനിമിഷം തുടിച്ചു കൊണ്ടിരിക്കുന്നു. ലൈംഗികമായ ഒരു ശേഷി എന്ന് പറയുന്നത് മനുഷ്യനില്‍ നിക്ഷിപ്തവുമാണ്. ഒരു അച്ചനാണോ, സിസ്റ്റര്‍ ആണോ എന്ന് നോക്കാതെ അതിനെ നിയന്ത്രിക്കാം എന്നല്ലാതെ അത് ഒഴിവാക്കി കളയുന്ന സംഭവം ഒരിടത്തും നടക്കുന്നില്ല.

തൊണ്ണൂറു ശതമാനം ആളുകളും ലൈംഗിക ശേഷിയെ പരമാവധി ഉപയോഗിക്കുകയാണ്. കുട്ടികള്‍ ആണെങ്കില്‍ പോലും അവരേയും ഈ രീതിയില്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ലൈംഗിക വികാരങ്ങളുടെ മഴവെള്ള പാച്ചിലില്‍ ക്രിസ്ത്യന്‍ പുരോഹിതരും ഒലിച്ചു പോവുകയാണ്. വലിയൊരു മഴവെള്ളം വരുമ്ബോള്‍ അത് എവിടെ കെട്ടിനിര്‍ത്തും. കുറച്ചൊക്കെ ആകുമ്ബോള്‍ കെട്ടി നിര്‍ത്താം. വികാരങ്ങളുടെ ഈ വലിയ മഴവെള്ളം വരുമ്ബോള്‍ അത് എവിടെയും കെട്ടിനിര്‍ത്താന്‍ പുരോഹിതര്‍ക്ക് കഴിയുന്നില്ല. പെരുമഴ പോലെ വരുന്ന ഈ വികാരം അല്ലെങ്കില്‍ ആര്‍ക്ക് കെട്ടി നിര്‍ത്താന്‍ കഴിയും. അതിനാല്‍ ഞാന്‍ പറയുന്നു ഈ പുരോഹിതര്‍ എല്ലാം പോയി വിവാഹം കഴിക്കട്ടെ. പൗരോഹിത്യത്തിനൊപ്പവും സന്യാസത്തിനൊപ്പവും വിവാഹ ജീവിതവും ഒപ്പം ഉള്‍പ്പെടുത്തണം. വിവാഹജീവിതം കൂടി ഉള്‍പ്പെടുത്തിയുള്ള സന്യാസജീവിതം ആവശ്യമായി വരുന്നു. കന്യാസ്ത്രീകള്‍ ലൈംഗിക അടിമകളായിമാറുന്ന സാഹചര്യം ക്രിസ്ത്യന്‍ സഭകളില്‍ നിലനില്‍ക്കുകയാണ്. ഈ സ്ഥിതിവിശേഷം ഇപ്പോഴും തുടരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ നല്ല മനുഷ്യന്‍ എന്നാണ് ഞങ്ങളുടെ സഭ തന്നെ പറയുന്നത്.

അച്ചന്മാരുടെ വികാരം കന്യാസ്ത്രീകള്‍ക്കും കാണും. അതുകൊണ്ടാണ് കന്യാസ്ത്രീകള്‍ വിധേയപ്പെടുന്നത്. സ്‌നേഹം ശരീരത്തില്‍ നിറഞ്ഞു കവിയുമ്ബോഴാണ് അത് ലൈംഗികതയില്‍ എത്തുന്നത്. ഇതാണ് ഒരു കുഞ്ഞായി രൂപം പ്രാപിക്കുന്നതും.

ഈ ലൈംഗികതയാണ്, സ്‌നേഹമാണ് കന്യാസ്ത്രീകളായ ഞങ്ങള്‍ വേണ്ടായെന്നു വയ്ക്കുന്നത്. അതേ സ്‌നേഹം ഞങ്ങളില്‍ നിന്നും ചുറ്റുപാടുകളിലേക്ക് പ്രസരിക്കുന്നുണ്ട്. ഈ സ്‌നേഹമാണ് കാരുണ്യമായി ദയയായി ഞങ്ങള്‍ പുറത്തുവിടുന്നത്. ഒരു കുഞ്ഞിനു ജന്മം കൊടുക്കുന്നതിനേക്കാള്‍ ആയിരം കുഞ്ഞുങ്ങളിലേക്കാണ് കന്യാസ്ത്രീകള്‍ എത്തിക്കുന്നത്. പോസിറ്റീവ് എനര്‍ജി നല്കാന്‍ കഴിയാത്ത അച്ചന്മാരാണ്, കന്യാസ്ത്രീകളാണ് പ്രതിജ്ഞ പാലിക്കാന്‍ കഴിയാതെ വഴി തെറ്റുന്നത്. .

ഇനിയുള്ള തലമുറ ഇതേ രീതിയില്‍ കന്യാസ്ത്രീകള്‍ ആകാതെ, ഒറ്റയ്ക്ക് വരാതെ, വിവാഹ ജീവിതവും പൗരോഹിത്യവും ബന്ധപ്പെടുത്തി പോകുന്ന ഒരു രീതിയില്‍ വരണം. 21ആം നൂറ്റാണ്ട് പകുതി ആവുമ്ബോള്‍ അത്തരത്തിലൊരു മാറ്റം ക്രൈസ്തവ സഭയില്‍ അനിവാര്യമാണ്. പണ്ടത്തെ പുരോഹിതര്‍ അല്ല ഇപ്പോഴുള്ളത്. സാഹചര്യങ്ങളും വ്യത്യസ്തം. അത് ഓര്‍ക്കേണ്ട കാര്യമാണ്. വിരല്‍ തുമ്ബില്‍ എല്ലാ സാധ്യതകളുമുണ്ട്. കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ സഭയിലും അനിവാര്യമാണ്-സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.