വിവാദ നടിയില്‍ നിന്നും പ്രചോദനം..;കോഴിക്കോട് ബീച്ചില്‍ ഷീഷ കഫെ,പെണ്‍കുട്ടികള്‍ അടക്കം ഏഴ് വിദ്യാര്‍ഥികള്‍ പിടിയില്‍

31710

അനധികൃതമായി ഷീഷ കഫെ നടത്തിയ കോഴിക്കോട്ടെ കൂള്‍ബാര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. ബീച്ചിലെ കാലിക്കറ്റ് മജ്‌ലിസ് കൂള്‍ ആന്‍ഡ് സ്‌നാക് ബാര്‍ ആണ് അടപ്പിച്ചത്. അടച്ചിട്ട കഫെയില്‍ ഷീഷ വലിക്കുകയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള ഏഴ് വിദ്യാര്‍ഥികളെ പോലീസ് താക്കീത് ചെയ്ത് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഫാസ്റ്റ്ഫുഡിനുള്ള ലൈസന്‍സ് എടുത്ത് ഷീഷ കഫെ നടത്തിയ ഉടമ നൂഹിനെ അറസ്റ്റുചെയ്തു. വൃത്തിഹീനമായി കണ്ടെത്തിയ കൂള്‍ബാറില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ടൗണ്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത റെയ്ഡ്. ഇതിന് മുന്നോടിയായി മഫ്തിയില്‍ കൂള്‍ബാറിലെത്തിയ ഷാഡോ പോലീസ് സ്ഥിതിഗതികള്‍ മനസ്സിലാക്കി. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാറിന്റെയും ടൗണ്‍ എസ്.ഐ. ഷാജുവിന്റെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കടയ്ക്കകത്ത് അറേബ്യന്‍ മാതൃകയില്‍ രണ്ട് ഷീഷ കഫെകള്‍ സജ്ജമാക്കിയിരുന്നു. അറബ് രാജ്യങ്ങളില്‍ കാണുന്നതുപോലെയുള്ള ‘മജ്‌ലിസു’കളോടെയുള്ളതായിരുന്നു കഫെകള്‍. ഒരു കഫെയ്ക്കകത്ത് ഷീഷ വലിക്കുകയായിരുന്ന വിദ്യാര്‍ഥി സംഘത്തെ പോലീസ്‌ ൈകയോടെ പിടികൂടി. നഗരത്തിലെ ഒരു കോളേജില്‍ പഠിക്കുന്ന, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 22 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണിവര്‍.അടുത്തിടെസൂപ്പര്‍താരത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയനടി ഒരുഅഭിമുഖത്തിനിടക്ക് ഇത്തരത്തിലുള്ള ഷീഷെ വലിക്കുന്നതും അതിനെ പുകഴ്ത്തുന്നതും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതില്‍ പ്രചോദിതരായവിദ്യാര്‍ത്ഥിനികളാണത്രെ ഇവിടെ എത്തിയിരുന്നത്.പിന്നിട് പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.

പുകയില ഉപയോഗിച്ചുള്ള ഷീഷയാണ് വിദ്യാര്‍ഥികള്‍ വലിച്ചിരുന്നത്. മുക്കാല്‍ മണിക്കൂറിന് 650 രൂപ വീതമാണ് ഷീഷയ്ക്ക് ഈടാക്കിയിരുന്നത്. ദിവസേന കഫെയില്‍ വന്നുപോയവരുടെ കണക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം കഫെകള്‍ക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഫാസ്റ്റ് ഫുഡ് കടയ്ക്കുള്ള ലൈസന്‍സിന്റെ മറവില്‍ ഷീഷ കഫെ നടത്തിയതിനും വൃത്തിഹീനമായി സ്ഥാപനം പ്രവര്‍ത്തിപ്പിച്ചതിനും ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പഴകിയ പാല്‍ പായ്ക്കറ്റുകള്‍, പഴങ്ങള്‍, പാകം ചെയ്ത കോഴിയിറച്ചി തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. വൃത്തിഹീനമായ രീതിയിലാണ് അടുക്കള ഉണ്ടായിരുന്നതെന്നും ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാറും ഹെല്‍ത്ത് സൂപ്രവൈസര്‍ ടി.കെ. മോഹനനും പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍, പുകയില നിരോധന നിയമപ്രകാരം കര്‍ശന നിയന്ത്രണത്തോടെയാണ് ഷീഷ കഫെകള്‍ക്ക് പ്രവര്‍ത്തനനാനുമതി നല്‍കാറ്.