സൗദി 37 പേരുടെ തലവെട്ടി കമ്പില്‍ കുത്തി പ്രദര്‍ശിപ്പിച്ചു

1678

ഇസ്ലാമിക രാഷ്ട്രം സൗദി അറേബ്യ ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി യാഥാസ്ഥിക . ഇതില്‍ രണ്ടുപേരുടെ തല കമ്പില്‍ക്കുത്തി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു. പൊതുപ്രദര്‍ശനം മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യ അറിയിച്ചു.

ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് വെട്ടിയെടുത്ത തലകള്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് സൗദിയുടെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയര്‍ത്തിയത്.

ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകള്‍ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേര്‍തിരിവിനും പ്രതികള്‍ ശ്രമിച്ചു. റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് വിചാരണയും ശിക്ഷയും നടത്തിയത്.

സുരക്ഷാഉദ്യോഗസ്ഥരെ സ്ഫോടക വസ്‍തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും സൗദി അറേബ്യയ്‍ക്ക് എതിരെ ശത്രുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്‍തുവെന്നും മന്ത്രാലയം കുറ്റപ്പെടുത്തുന്നു.

വിധിയുടെ പകര്‍പ്പ് സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളില്‍ വായിച്ചു. ഖുര്‍ആന്‍ വചനങ്ങളോടെയാണ് ശിക്ഷാവിധി തുടങ്ങിയിട്ടുള്ളത്. സ്വന്തം പൗരന്മാര്‍ക്ക് തന്നെയാണ് സൗദി വധശിക്ഷ നല്‍കിയത്. രാജ്യത്തെ ന്യൂനപക്ഷ മുസ്ലീം ജനതയായ ഷിയ മുസ്ലീംങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭൂരിപക്ഷ സുന്നിരാഷ്ട്രമായ സൗദി, ഷിയ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ പഴികേട്ടിട്ടുണ്ട്.