തരൂരിന്റെ പ്രചാരണത്തിന് ആളില്ല; നേതാക്കൾക്ക് നിസഹരണം

333

തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമില്ലെന്ന് ആക്ഷേപം. പ്രചാരണത്തില്‍ നിന്ന് ചിലര്‍ ഒളിച്ചോടുകയാണെന്നും അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീശ് ഫെയ്സ് ബുക്കില്‍ കുറിച്ചു. ചിലയിടങ്ങളില്‍ അട്ടിമറി സാധ്യതകള്‍ നടക്കുന്നതായി ബോധ്യപ്പെട്ടതോടെ കര്‍ശനനടപടികളുമായി മുതിര്‍ന്ന നേതാക്കളും രംഗത്തെത്തി.

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലമായിട്ടും ശശി തരൂരിന്റ പ്രചാരണത്തിന് ആളില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടയിലാണ് ചില നേതാക്കളെ ഉന്നമിട്ട് മണക്കാട് മണ്ഡലത്തിന്റ ചുമതലയുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കള്‍ക്കെതിരെ പരാതി കൊടുക്കുമെന്നായിരുന്നു കുറിപ്പ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ച ഏകമണ്ഡലമായ നേമത്ത‌ോട് അതിര്‍ത്തി  പങ്കിടുന്ന മണക്കാട് കോണ്‍ഗ്രസ് വോട്ട് ബി.ജെ.പിക്ക് മറിഞ്ഞതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സമാനമായ അട്ടിമറി ലക്ഷ്യമിട്ട്  ഇത്തവണയും ചില നേതാക്കളുടെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടായതാണ് സതീഷിനെ പ്രകോപിച്ചതെന്നാണ് സൂചന. നേതാക്കളുടെയും പ്രവര്‍ത്തകരുടേയും ഭാഗത്തെ നിസഹകരണം കെ.പി.സി.സിയിലേയും ഡി.സി സിയിലേയും മുതിര്‍ന്ന നേതാക്കളെ സതീഷ് അറിയിച്ചിട്ടുണ്ട്