മുസ്ലിം മതചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍.

227

ഇസ്ലാമിക മതചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലാണ് സര്‍ക്കാര്‍ ഈ നിരോധനം കൊണ്ടുവന്നത്. അറബിക്, ഇസ്‌ലാമിക ചിഹ്നങ്ങള്‍ കടകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഭക്ഷണ കടകളിലും ഹോട്ടലുകളിലുകളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ‘ഹലാല്‍’ എന്ന വാക്കും നീക്കം ചെയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇസ്ലാം മതവിശ്വാസം വെളിവാക്കുന്ന ചിത്രങ്ങളും ഇത്തരത്തില്‍ നീക്കം ചെയ്യേണ്ടതായി വരും. ഇത്തരത്തിലുള്ള 11 കടകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇസ്ലാമിക, അറബിക് ചിഹ്നങ്ങള്‍ പുറത്തെ സംസ്കാരമാണെന്നും ചൈനീസ് സംസ്കാരമാണ് പ്രചരിപ്പിക്കേണ്ടതെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി ഒരു ഹോട്ടലുടമ പറയുന്നുണ്ട്. ബീജിംഗില്‍ ഹലാല്‍ ഭക്ഷണം വില്‍ക്കുന്ന ആയിരത്തോളം കടകളുണ്ടെന്നാണ് കണക്ക്. ഇത്തരം കടകളിലെ മതചിഹ്നങ്ങളും, ഹലാല്‍ എന്ന വാക്കും മറയ്ക്കുവാനോ നീക്കം ചെയ്യാനോ ആണ് നിര്‍ദ്ദേശം.

2016 മുതല്‍ ചൈനീസ് ഇസ്ലാമിക, അറബിക് രീതിയിലുള്ള ചിഹ്നങ്ങളും മറ്റും നീക്കം ചെയ്യാനുള്ള ക്യാമ്ബയിന്‍ ചൈന ആരംഭിച്ചിരുന്നു. മുസ്ലിം പള്ളികളിലെ മകുടങ്ങള്‍ ഇതിന്റെ ഭാഗമായി നീക്കം ചെയ്യാനും പദ്ധതിയുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ പുതിയ നിര്‍ദ്ദേശം. അന്യനാട്ടിലെ സംസ്കാരത്തെ അകറ്റി ചൈനീസ് സംസ്കാരം മാത്രം പ്രചരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം.