നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ചടങ്ങുകള്‍ വേണ്ട..!രാഷ്ട്രപതി ഭവന്‍ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചു

4271

മതപരമായ ചടങ്ങുകള്‍ക്ക് ജനങ്ങളുടെ നികുതിപ്പണം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി രാഷ്ട്രപതി ഭവന്‍ കാലങ്ങളായി നടത്തിക്കൊണ്ടിരുന്ന ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിരുന്ന് ഉപേക്ഷിച്ചത്. നേരത്തെ ഡോ.എ.പി.ജെ.അബ്ദുല്‍കലാം രാഷ്ട്രപതിയായിരുന്ന 2002 മുതല്‍ 2007വരെയുള്ള കാലയളവിലും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നില്ല. പകരം ഈ പണം അനാഥാലയങ്ങള്‍ക്ക് സംഭാവന നല്‍കിയിരുന്നു. എന്നാല്‍ പ്രതിഭാ പാട്ടീലിന്റെ കാലത്ത് വീണ്ടും ഇത് പുനസ്ഥാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ഇഫ്താന്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു.

രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സ്ഥാനമേറ്റെടുത്ത ശേഷം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതത്തിന്റെയും ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് രാഷ്ട്രപതി ഭവന്‍ മാദ്ധ്യമ സെക്രട്ടറി ് വ്യക്തമാക്കി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് തീരുമാനം. ഒരു മതത്തിന്റെയും ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രപതി റംസാന്‍ ആശംസകള്‍ നേര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.