കെ. സുധാകരനും ബി.ജെ.പിയിലേക്ക് സ്വാഗതമെന്ന് പി.എസ് ശ്രീധരന്‍പിള്ള

961

കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് പി.എസ് ശ്രീധരന്‍പിള്ള. ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ. സുധാകരനും ബി.ജെ.പിയിലേക്ക് സ്വാഗതമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മോഡിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യും. അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെയാകും നിലപാടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

അബ്ദുള്ളക്കുട്ടിയെ അനുകൂലിച്ച് മറ്റ് ബി.ജെ.പി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നരേന്ദ്ര മോഡി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയിലുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ല. ബി.ജെ.പിയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബി.ജെ.പിയിലേക്ക് വരാമെന്നും വരാന്‍ താല്‍പ്പര്യപ്പെട്ടാല്‍ പാര്‍ട്ടി ആലോചിക്കുമെന്നും വി. മുരളീധരന്‍ പറഞ്ഞു.

നരേന്ദ്ര മോഡിയുടെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കാരണമെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഡി സ്തുതിയുടെ പേരില്‍ വിശദീകരണം ചോദിച്ച കോണ്‍ഗ്രസ് ഇന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കി. നേരത്തെ മോഡി സ്തുതിയുടെ പേരില്‍ പുറത്താക്കപ്പെട്ടതിന് സി.പി.എമ്മില്‍ നിന്ന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ എടുത്തത്.