“പൊങ്ങിലിടിയും” മനുഷ്യ തലകളും

  1373

  കേരളത്തില്‍ ഭഗവതി ,ഭദ്രകാളി , ക്ഷേത്രങ്ങളില്‍ പണ്ടുകാലത്ത് മനുഷ്യരുടെ തല ഉരലിലിട്ട് ഇടിച്ചു ചതച്ച് നിവേദ്യം ഉണ്ടാക്കുന്ന ഒരു ദുരാചാരം നിലനിന്നിരുന്നു. പൊങ്ങിലിടി, കൊങ്ങിലിടി എന്നീപേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്.

  ബ്രാഹ്മണരുടെ അയിത്താചാര പരിധിയിലേക്ക് അതിക്രമിച്ചു കടക്കുന്ന  അവര്‍ണ്ണ ഹിന്ദുക്കളുടെ മുറിച്ചെടുത്ത തലകളാണ്  പൊങ്ങിലിടി  ആചാരത്തിനായി  ഉപയോഗിച്ചിരുന്നത്.

  ബ്രിട്ടീഷ് ഭരണം ശക്തി പ്രാപിച്ചതോടെ അവര്‍ണ്ണരുടെ തലയറുക്കല്‍ വിഷമകരമായി.

  അവര്‍ണ്ണ ഹിന്ദുക്കളുടെ തലക്കു പകരം ഇളനീര്‍ തേങ്ങ മനുഷ്യ തലയോട്ടിയുടെ ആകൃതിയില്‍ ചെത്തിയെടുത്ത്, ചോരക്കു പകരം ‘ഗുരുസി ‘ ചേര്‍ത്ത് പൊങ്ങിലിടി നടത്തിയാലും ഭദ്രകാളിയുടെ വിശപ്പടങ്ങും എന്ന സുരക്ഷിത നിലപാടിലേക്ക് ബ്രാഹ്മണ സവര്‍ണ്ണ മതം ചുവടുമാറി.
  ഇടിച്ചു ചതക്കുമ്പോള്‍ രക്തവര്‍ണ്ണമുള്ള ഗുരുതി ഇടിക്കുന്ന സ്ത്രീയുടെയും ചുറ്റും കൂടിനില്‍ക്കുന്നവരുടെയും ശരീരത്തിലും വസ്ത്രത്തിലും ചീറ്റി തെറിക്കുന്നത് ഭക്തര്‍ പുണ്ണ്യമായി കരുതുന്നു

  . “കണ്ടപുരന്‍ തലതുണ്ടമിടുന്നവള്‍ ചാമുണ്ഡി എന്നുള്ള നാമം ധരിപ്പവള്‍ കുണ്ഡലം കാതിന്നു വാരണം പൂണ്ടവള്‍ കൂളി പെരുമ്പട ചൂഴത്തടുപ്പവള്‍” എന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് പൊങ്ങിലിടി നടത്തുക.

  കാളീക്ഷേത്ര മുറ്റത്ത് രാത്രിനേരത്താണ് ഈ ചടങ്ങു നടത്തുക. കുട്ടികളേയും പ്രായമായ സ്ത്രീകളേയും ഈ ചടങ്ങു നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയില്ല.

  കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കുട്ടിക്കാലത്ത് മണ്ഡലകാല അവസാന ദിവസം കുന്നംകുളത്തിനടുത്ത് “മങ്ങാട്” ഭദ്രകാളീ ക്ഷേത്രത്തില്‍ ഏകദേശം 45 ഓളം സ്ത്രീകള്‍ ഉരലുമായി ക്ഷേത്രത്തിലെത്തി “പൊങ്ങിലിടി” നടത്തിയിരു ന്നതായി  “നായന്മാരുടെ പൂർവ്വ ചരിത്രം” എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നംകുളം പ്രദേശത്തുതന്നെയുള്ള ചിറക്കല്‍ എന്ന ഭദ്രകാളി ക്ഷേത്രത്തിലും ഇതുപോലെ “പൊങ്ങിലിടി” നടന്നിരുന്നതായും അദ്ധേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

  കേരളത്തെ ഭ്രാന്താലയമാക്കാന്‍ ഉത്സാഹിച്ച പൌരോഹിത്യത്തിന്റെ ക്രൂരതയുടെ ചരിത്രം രേഖപ്പെടുത്തിയ ഒരു ദുരാചരമായി മാത്രമല്ല, നശിപ്പിക്കപ്പെട്ട ശരിയായ ചരിത്രത്തിന്റെ തിരുശേഷിപ്പായും പൊങ്ങിലടിയെ കാണേണ്ടിയിരിക്കുന്നു.