കാശ്‌മീര്‍ സാധാരണ നിലയിലേക്ക്: ഇന്റര്‍നെറ്റ്, ഫോണ്‍ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു, സൈന്യം ജാഗ്രതയില്‍

204

പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്‌തതിന് ശേഷം അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ജമ്മു കാശ്‌മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക് വരുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. വെള്ളിയാഴ്‌ച പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവരെ തടയരുതെന്ന് സൈന്യത്തിന് നിര്‍ദ്ദേശമുണ്ട്. പ്രദേശത്തെ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്നത് തടയാന്‍ കനത്ത ജാഗ്രത പുലര്‍ത്താനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.അതേസമയം, ശ്രീനഗറിലെ ജുമാ മസ്‌ജിദ് അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്‌ച പ്രാര്‍ത്ഥനകള്‍ ഇന്ന് ഇവിടെ നടക്കാന്‍ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ മറ്റ് ചെറിയ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി കൊടുത്തിട്ടുണ്ട്. സുരക്ഷയ്‌ക്കായി മതിയായ സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രാര്‍ത്ഥന നടക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാശ്‌മീരില്‍ പ്രകടനങ്ങളും റാലികളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി എന്നിവര്‍ ഇപ്പോഴും പൊലീസ് കസ്‌റ്റഡിയില്‍ തുടരുകയാണ്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. പെരുന്നാള്‍ പ്രമാണിച്ച്‌ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജമ്മു കാശ്‌മീരില്‍ പുതുയുഗം പിറന്നെന്നും ഭീകരപ്രവര്‍ത്തനവും വിഘടനവാദവും തുടച്ചുനീക്കി ഭൂമിയിലെ സ്വര്‍ഗമായി ഈ നാടിനെ വീണ്ടെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്ബോള്‍ വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് സംസ്ഥാനത്തിന് ഭീകരപ്രവര്‍ത്തനവും അഴിമതിയും കുടുംബ ഭരണവും മാത്രമാണ് സമ്മാനിച്ചത്. പാകിസ്ഥാന്‍ അതിനെ ഭീകരത പരത്താനുള്ള ആയുധമാക്കുകയും ചെയ്‌തു. ഈ തീരുമാനം ചരിത്രപരമാണ്. സര്‍ദ്ദാര്‍ പട്ടേലിന്റെയും അംബേദ്കറുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും അടല്‍ബിഹാരി വാജ്പേയിയുടെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ജമ്മു കാശ്മീരിലെയും ലഡാക്കിലെയും ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ അവകാശം ലഭിച്ചിരിക്കുന്നു. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഭാവി ഇത് സുരക്ഷിതമാക്കും. സുഗമമായ നിലയില്‍ ഈദ് ആഘോഷങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഈദിന് ജമ്മു കാശ്മീരിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാദ്ധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു