ബി നിലവറ മുൻപ് തുറന്നിട്ടുണ്ടെന്ന് രേഖകൾ

1197

തിരുവനന്തപുരത്തെ പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. ബി നിലവറ ഇത് വരെ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് കൂടാതെ ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, ഈ അറയിലൂടെ കടലിലേക്കുള്ള തുരങ്കമുണ്ടെന്നും,അറയുടെ വാതില്‍ തുറക്കുമ്പോള്‍ കടല്‍ജലം ഇരച്ച് കയറുമെന്നെല്ലാംഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ 1931 ഡിസംബര്‍ പതിനൊന്നിനിറങ്ങിയ പത്രത്തില്‍ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത അടിച്ച് വന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതി കണ്ടെത്തി.

രാജാവും,ദിവാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് നിലവറ തുറന്നതെന്നും, ഭാരിച്ച ഉരുക്ക് വാതില്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലാണ് തുറന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും വിദഗ്ദ്ധസമിതി ശേഖരിച്ചിട്ടുണ്ട്. ഭാരിച്ച ഉരുക്ക് വാതില്‍ തളളിമാറ്റിയ ശേഷം മരം കൊണ്ടുള്ള മറ്റൊരു വാതിലും അവിടെയുണ്ടെന്നും അത് ശ്രദ്ധയോടെ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം, ചെമ്പ് നാണയങ്ങളും,കാശും നാലു പിത്തള കുടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടുവെന്നും മൂല്യ നിര്‍ണയത്തിന് ശേഷം അതെല്ലാം അതേപടി വച്ചതിന് ശേഷം തിരികെ ഇറങ്ങിയെന്നും രേഖകളിലുണ്ട്. ഈ മാസങ്ങളില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നെന്നും കോടതിയെ വിദഗ്ദ്ധസമിതി ധരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന കെട്ടുകഥകളില്‍ അടിസ്ഥാനമില്ലെന്നും ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണമെന്നും സമിതി ആവശ്യപ്പെടും. ഇന്ന് സുപ്രീംകോടതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നുണ്ട്.