മതസമ്മേളനത്തില്‍ പ‌ങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു, മരിച്ചത് റിട്ട. അദ്ധ്യാപകന്‍

169

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പ‌ങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ ഡോ. സലീം ആണ് മരിച്ചത്. പനി ബാധിച്ചാണ് മരണം.ഇദ്ദേഹത്തിന് ഹൃദ് രോഗവും പനിയുള്‍പ്പെടെ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഡോ. സലീം ഉള്‍പ്പെടെ പത്തനംതിട്ട സ്വദേശികളായ മൂന്ന് പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മറ്റുരണ്ടുപേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്.ലോക്ക് ഡൗണിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മസ്ജിദില്‍ ഈ മാസം 18ന് ആയിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്. ഇതില്‍ പ‌ങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേര്‍ ഹോം ക്വാറന്റീനിലാണ്. കൂടുതല്‍ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോക്ഡൗണ്‍ കര്‍ശനമാക്കുകയും കൂടുതല്‍ പൊലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.വിവിധരാജ്യങ്ങളില്‍ നിന്നുള്ളവരടക്കം രണ്ടായിരത്തിലധികം പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് കരുതുന്നത്. ഇവിടെനിന്നു മടങ്ങിയ രണ്ടുപേര്‍ കൊറോണ ബാധിച്ചു മരിക്കുകയും വിദേശികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിച്ചു ശ്രീനഗറില്‍ മരിച്ച 65 വയസ്സുകാരന്‍, തമിഴ്നാട്ടിലെ മധുരയില്‍ മരിച്ച 54 വയസ്സുകാരന്‍ എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ അധികൃതരെ ഇക്കാര്യം അറിയിക്കണമെന്ന് തെലങ്കാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍ പ്രകാരം 10 ഇന്‍ഡോനേഷ്യക്കാര്‍ തെലങ്കാനയിലെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇവരിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
നിരവധിപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിസാമുദ്ദീന്‍ പ്രദേശം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. പള്ളിയോട് ചേര്‍ന്ന് താമസിക്കുന്നവരെ ഇവിടെ നിന്നു മാറ്റിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണ ഡല്‍ഹിയിലുള്ള നിസാമുദീന്‍ വെസ്റ്റ്, നിസാമുദീന്‍ ബസ്തി പ്രദേശങ്ങള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണ്.അതേസമയം അനുമതിയില്ലാതെ മതസമ്മേളനം നടത്താന്‍ നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.