ഒടുവില്‍ ഭക്ഷണം പോലും കഴിക്കാതെ, ഉറങ്ങാതെ, അവസാന ആഗ്രഹം പറയാതെ തൂക്കു കയറിലേക്ക് നടന്നു കയറി ..

279

രാജ്യത്തിന്റെ ഹൃദയത്തിലെ നോവായി മാറിയ നിര്‍ഭയ കേസില്‍ ഏഴുവര്‍ഷത്തെ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി നടപ്പായിരിക്കുകയാണ്. അവസാന നിമിഷവും കോടതിയില്‍ വധശിക്ഷ മാറ്റി വെയ്ക്കാനായുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും പരാജയപ്പെട്ട് നിരാശരായാണ് പ്രതികള്‍ കഴുമരത്തിലേറിയത്. നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്നു പുലര്‍ച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്.തൂക്കിലേറ്റുന്നതിനു മുമ്ബ് പ്രത്യേകം സെല്ലുകളിലായിരുന്നു നാലു കുറ്റവാളികളെയും പാര്‍പ്പിച്ചിരുന്നത്. നാലുപേരും ഭക്ഷണം കഴിക്കാന്‍ പോലും താത്പര്യം കാണിച്ചില്ല എന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നാലുപേരും രാത്രി മുഴുവന്‍ സമയവും ഉറങ്ങിയില്ല. അവസാന ആഗ്രഹം പോലും നാലുപേരും അറിയിച്ചില്ലെന്നും തീഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

3.30നാണ് നാല് പേരെയും എഴുന്നേല്‍പ്പിച്ചത്. തുടര്‍ന്ന് തൂക്കുകയറിലേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഈ സമയമത്രയും തീഹാര്‍ ജയിലും പരിസരവും. ജയിലിനുള്ളിലെ തടവുകാരെ എല്ലാവരെയും സെല്ലിനുള്ളില്‍ പൂട്ടിയിട്ടു. കൃത്യം 5.30നാണ് നാലുപേരെയും തൂക്കിലേറ്റിയത്. തീഹാര്‍ ജയിലിനുള്ളില് വെച്ച്‌ തന്നെ ഡോക്ടര്‍ നാലുപേരുടെയും മരണം സ്ഥിരീകരിച്ചു. ഡിഡിയു ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ മുഴുവന്‍ വീഡിയോയും ചിത്രീകരിക്കും.അവസാനശ്രമമെന്ന നിലയ്ക്ക് പവന്‍ ഗുപ്ത നല്‍കിയ രണ്ടാം ദയാഹര്‍ജി തള്ളിയതിനെതിരെ പുലര്‍ച്ചെ 2.50നാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷന്‍, എഎസ് ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ദയാഹര്‍ജി തള്ളിയതില്‍ ജുഡീഷ്യല്‍ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ ഒഴിവാക്കാന്‍ കോടതികള്‍ക്ക് മുന്നില്‍ ഒട്ടേറെ തന്ത്രങ്ങള്‍ പയറ്റിയ പ്രതികള്‍ ഒടുവില് ശിക്ഷ രണ്ടുദിവസം മാറ്റിവയ്ക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.

കുറ്റകൃത്യം നടക്കുമ്ബോള്‍ പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന വാദവും കോടതി തള്ളി. ഒടുവില്‍ ശിക്ഷ നടപ്പാക്കുമെന്ന ഘട്ടത്തില്‍ പ്രതിക്ക് അവസാനമായി ബന്ധുക്കളെ കാണാന്‍ ഒരുവട്ടം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജയില്‍ച്ചട്ടം അത് അനുവദിക്കാത്തതിനാല്‍ ഈ അപേക്ഷയും തള്ളി.

നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. രാജ്യാന്തര കോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകള്‍ പ്രസക്തമല്ലെന്നു നിരീക്ഷിച്ച്‌ ഡല്‍ഹി കോടതി ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം പുലര്‍ച്ചെ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കു ദൈവത്തെ കണ്ടുമുട്ടാന്‍ സമയമായെന്നാണ് ഇതിനോട് ഡല്‍ഹി കോടതി പറഞ്ഞത്. രാജ്യത്തെ വ്യവസ്ഥകളുമായാണ് പ്രതികള്‍ കളിക്കുന്നത്. ദയാഹര്‍ജി സമര്‍പ്പിക്കാന്‍ രണ്ടര വര്‍ഷം വൈകിയതില്‍ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.