ഇന്ത്യയില്‍ പുതുവര്‍ഷത്തില്‍ ജനിച്ചത് 67,385 കുട്ടികള്‍.

249
Baby touching mother's hand

പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ജനിച്ചത് 67,385 കുട്ടികള്‍. ആകെ 3,92,078 പേരാണ് ജനുവരി ഒന്നിന് ലോകത്താകമാനം ജനിച്ചത്. ഇതില്‍ 17 ശതമാനം ശിശുക്കളും ജനിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ജനനനിരക്കില്‍, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയെയും ഇന്ത്യ കടത്തിവെട്ടിയിരിക്കുകയാണ്. ജനുവരി ഒന്നിന് 46,299 കുട്ടികളാണ് ചൈനയില്‍ ജനിച്ചിട്ടുള്ളത്. പട്ടികയിയില്‍ നൈജീരിയ(26,039), പാകിസ്ഥാന്‍(6,787), ഇന്തോനേഷ്യ(13,020), അമേരിക്ക(10,452 ), കോംഗോ(10,247), എത്യോപ്യ(8,493) എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും പിറകിലായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ സംബന്ധമായ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.ഐക്യരാഷ്ട്രസഭയുടെ തന്നെ ലോകജനസംഖ്യാ റിപ്പോര്‍ട്ടനുസരിച്ച്‌, 2027ല്‍ ഇന്ത്യ, ചൈനയെ മറികടന്ന് ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാകും. ഓരോ പുതുവര്‍ഷദിനത്തിലും ലോകത്തില്‍ ജന്മം കൊണ്ട ശിശുക്കളെ, അവരുടെ ജീവിതയാത്രയുടെ ആരംഭത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ രംഗത്തെത്താറുണ്ട്. അതേസമയം, 2018ല്‍ ജനിച്ച്‌ ഒരു മാസത്തിനുള്ളില്‍ ലോകത്താകമാനം 25 ലക്ഷം ശിശുക്കള്‍ മരണപ്പെട്ടിരുന്നുവെന്നും ഐക്യരാഷ്ട്ര സഭ കണക്ക് കൂട്ടുന്നു.

ശിശുക്കളില്‍ ഭൂരിഭാഗവും മരണപ്പെടാന്‍ കാരണങ്ങള്‍, വള‌ര്‍ച്ചയെത്താതെയുളള ജനനം, ജനനസംബന്ധമായ സങ്കീര്‍ണതകള്‍, ഇന്‍ഫെക്‌ഷനുകള്‍ എന്നിവയാണെന്നും ഇവ തടയാനാകുന്നവയാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ ശിശുക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ലോകം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അഞ്ച് വയസ് ആകും മുന്‍പ് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ ആയിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച്‌ ശിശു മരണനിരക്കാണ്, ശിശുക്കളുടെ ആരോഗ്യപരിപാലനത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. 35 ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത് മാസം തികയും മുന്‍പ് ജനിക്കുന്നതെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.