കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

136

എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ്  എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്.

മഹേശനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ്‌ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്.

എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മഹേശന്‍. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ദീര്‍ഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

മഹേശന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു.  അതേസമയം, മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മഹേശന്റെ ആത്മഹത്യയെന്ന് ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്.