നവയുഗം തുണച്ചു; അഭയകേന്ദ്രത്തിലെ മൂന്നുമാസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കാർലീനയും ഷർമിളയും നാട്ടിലേയ്ക്ക് മടങ്ങി

269

ദമ്മാം: നിയമക്കുരുക്കുകളില്‍ കുരുങ്ങി മൂന്നു മാസത്തോളം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്ന  ഇന്ത്യക്കാരായ രണ്ട് വീട്ടുജോലിക്കാരികള്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ കാര്‍ലീന ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ ഹൌസ് മൈഡ് വിസയില്‍ ജോലിയ്‌ക്കെത്തിയത്.   ആദ്യം മുതലേ തന്നെ സ്‌പോണ്‍സറുടെ ഭാര്യ വളരെ മോശമായാണ്  പെരുമാറിയിരുന്നത് എന്ന് കാര്‍ലീന പറയുന്നു. ശമ്പളം കൃത്യമായി കിട്ടിയിരുന്നെങ്കിലും, എന്ത് ജോലിയിലും കുറ്റം കണ്ടു പിടിച്ച് എപ്പോഴും വഴക്കും, കുത്തുവാക്കുകളും പറഞ്ഞിരുന്ന അവരുടെ പെരുമാറ്റം, കാര്‍ലീനയെ മാനസികമായി വിഷമിപ്പിച്ചിരുന്നു. നാട്ടിലെ കുടുംബത്തെയോര്‍ത്ത് കാര്‍ലീന ആ വീട്ടില്‍ ഒരു വര്‍ഷത്തിലധികം എങ്ങനെയും പിടിച്ചു നിന്നു. എന്നാല്‍ ക്രമേണ സ്‌പോണ്‍സറുടെ ഭാര്യ ശകാരത്തിന് പുറമെ ദേഹോപദ്രവം കൂടി ഏല്‍പ്പിയ്ക്കാന്‍ തുടങ്ങിയപ്പോള്‍, കാര്‍ലീനയുടെ ക്ഷമ നശിച്ചു. ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തുകടന്ന അവര്‍, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറഞ്ഞു. സൗദി പോലീസ് കാര്‍ലീനയെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ എത്തിച്ചു.

ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയായ ഷര്‍മിള എട്ടു മാസങ്ങള്‍ക്കു മുന്‍പാണ്, നാട്ടിലെ ഒരു വിസ ഏജന്റിന്റെ സഹായത്തോടെ, ദമ്മാമില്‍ ഒരു സൗദി പൗരന്റെ വീട്ടില്‍ ജോലിക്കാരിയായി എത്തിയത്. അഞ്ചു മാസത്തോളം കഠിനമായി ജോലി ചെയ്യിച്ചെങ്കിലും ആ വീട്ടുകാര്‍ ഒരു റിയാല്‍ പോലും ശമ്പളമായി നല്‍കിയില്ല. തുടര്‍ന്ന് ആ വീട്ടില്‍ നിന്നും പുറത്തുകടന്ന ഷര്‍മിള   ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി വോളന്റീര്‍ ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ പോയി പരാതി പറഞ്ഞു. അവര്‍ സൗദി പോലീസിന്റെ സഹായത്തോടെ ഷര്‍മിളയെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തില്‍ കൊണ്ടാക്കി.

വനിത അഭയകേന്ദ്രഅധികാരികള്‍ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, രണ്ടുപേരുടെയും കേസ് ഏറ്റെടുക്കയും, ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും രണ്ടുപേരുടെയും സ്‌പോണ്‍സര്‍മാരെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, യാതൊരു സഹകരണത്തിനും തയ്യാറാകാതെ അവര്‍ കൈയ്യൊഴിഞ്ഞു. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ഇവര്‍ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

കാര്‍ലീന സ്വന്തമായി വിമാനടിക്കറ്റ് എടുത്തപ്പോള്‍, ഷര്‍മിളയ്ക്ക് അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ലായിരുന്നു. തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഷര്‍മിളയുടെ നാട്ടിലെ വിസ ഏജന്റിനെ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍, ഏജന്റ് അവര്‍ക്കുള്ള വിമാനടിക്കറ്റ് അയച്ചു കൊടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രണ്ടു പേരും നാട്ടിലേയ്ക്ക് മടങ്ങി.

LEAVE A REPLY