യുക്രൈന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി ഇഗോര്‍ പൊലിഖ. നരേന്ദ്രമോദി ഇടപെടുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയും റഷ്യയും തമ്മില്‍ സവിശേഷമായ ബന്ധമാണുള്ളത്. അതുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ നിര്‍ണായകമായ ഇടപെടല്‍ നടത്താനാവും. റഷ്യന്‍ പ്രസിഡന്റുമായും യുക്രൈന്‍ പ്രസിഡന്റുമായും സംസാരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിക്കുകയാണ്. എത്ര ലോകനേതാക്കളെ പുതിന്‍ ശ്രവിക്കുമെന്ന് അറിയില്ല. പക്ഷെ നരേന്ദ്രമോദി ഇടപെടുന്നത് ആശാവഹമാണ്. അദ്ദേഹം സംസാരിച്ചാല്‍ പുതിന്‍ ആലോചിക്കുകയെങ്കിലും ചെയ്തേക്കാം. മോദിജി ലോകത്തിലെ ഏറ്റവും ശക്തനും ആദരണീയനുമായ നേതാക്കളില്‍ ഒരാളാണ്.”-ഇഗോര്‍ പൊലിഖ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“ഇന്ത്യയുടെ സഹകരണവും സഹായവും ഞങ്ങള്‍ തേടുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിന് നേരെയുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ ആക്രമണത്തില്‍ ഇന്ത്യ ആഗോള ഇടപെടല്‍ നടത്തണം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ നയതന്ത്രത്തില്‍ കഴിവ് തെളിയിച്ചിരുന്നു. ഇന്ത്യ ആഗോള സ്വാധീനമുള്ള ശക്തിയാണ്. അല്‍പം കൂടി സഹകരണമുള്ള സമീപനമാണ് ഇന്ത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ സജീവ പിന്തുണക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും ഇഗോര്‍ പൊലിഖ കൂട്ടിച്ചേര്‍ത്തു.
യുക്രൈനില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയിലെ യുക്രൈന്‍ സ്ഥാനപതി ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുക്രൈനിലുള്ള ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിലാണ് നിലവില്‍ ഇന്ത്യ ശ്രദ്ധിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് യുക്രൈനില്‍ ആക്രമണം നടത്താന്‍ പുതിന്‍ ഉത്തരവിട്ടത്.