പൂർണ മനസോടെ അഭിനന്ദിക്കുന്നു; കേരളത്തിലെ ആരോഗ്യപ്രവർത്തകർ മാതൃകയെന്ന് പ്രധാനമന്ത്രി

കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് കിട്ടിയ വാക്‌സിനിൽ ഒരു തുളളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാലാണ് അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടി ആയാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്.

കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. ആ വാക്‌സിൻ മുഴുവൻ സംസ്ഥാനം ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്‌ടർ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്‌മതയോടെ ഒരു തുളളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാൽ ഈ അധിക ഡോസ് കൂടി ആളുകൾക്ക് നൽകാൻ സാധിച്ചു. അതിനാലാൽ 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോൾ 74,26,164 ഡോസ് ഉപയോഗിക്കാൻ സാധിച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

വാക്‌സിൻ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച ആരോഗ്യപ്രവർത്തകർ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്‌സുമാർ, വളരെ കാര്യപ്രാപ്‌തിയുളളവരാണെന്നും പൂർണമനസോടെ അഭിനന്ദനം അർഹിക്കുന്നുവെന്നും മോദി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിൻ പാഴാക്കുന്നത് കുറയ്‌ക്കുന്നത് നല്ലതാണെന്നും മോദി കൂട്ടിച്ചേർത്തു.

നേരത്തെ, മുഖ്യമന്ത്രിമാരുമായുളള ചർച്ചയിൽ ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ പോലും പാഴാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here