തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയ്ക്ക് തെക്ക് ഭാഗത്തായി ചക്രവാതചുഴി രൂപപ്പെട്ടതാണ് ഇതിന് കാരണം. എന്നാൽ നിലവിലെ നിഗമന പ്രകാരം കേരളത്തിൽ മഴയ്ക്ക് സാദ്ധ്യതയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഡിസംബര്‍ 18 വരെ കന്യാകുമാരി പ്രദേശങ്ങളിലും, ഇന്നും നാളെയും തെക്ക്-കിഴക്കന്‍ ശ്രീലങ്ക, അതിനോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 19 ന് ഭൂമദ്ധ്യരേഖയോട് ചേർന്ന് കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു