രാജ്യത്ത് ആദ്യം; എട്ട് സിംഹങ്ങള്‍ക്ക് കോവിഡ്; ആശങ്ക

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമാകുന്നതിനിടെ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഹൈദരബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കോവിഡ് പോസിറ്റീവായത്. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വൈറസ് ബാധ പടര്‍ന്നത് മനുഷ്യരില്‍ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളില്‍ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിശദമായ സാംപിള്‍ പരിശോധനയില്‍ സിംഹങ്ങളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് വന്നതാണോയെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമാകമെന്നാണ് വിദഗ്ധര്‍ പറയുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കാനും മരുന്നുകള്‍ നല്‍കാനും വിദഗ്ധര്‍ ഇതിനോടകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സിംഹങ്ങളെ സി ടി സ്‌കാനിന് വിധേയമാക്കും.

നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്. കോവിഡ് ബാധ വ്യാപകമായതിന് പിന്നാലെ പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ മൃഗശാല ജീവനക്കാര്‍ കോവിഡ് പോസിറ്റീവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here